
വേനല്‍ക്കാലത്ത് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കും അപസ്മാരത്തിനും (Seizures) സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ന്യൂറോളജിസ്റ്റ്. നിര്‍ജ്ജലീകരണം (Dehydration) എങ്ങനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് ചെന്നൈ വി.എസ്. ഹോസ്പിറ്റല്‍സിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എല്‍. സിന്ധുജ പ്രമുഖ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. വേനല്‍ക്കാലം കഠിനമാകുന്നതോടെ നാഡീസംബന്ധമായ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്കുന്നു.
ലളിതമായ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തുടങ്ങി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം. കഠിനമായ ചൂടും ഉഷ്ണക്കാറ്റും ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അമിതമായി വിയര്‍ക്കുന്നതിലൂടെ ശരീരത്തിലെ ദ്രാവകം നഷ്ടപ്പെടുകയും, അത് കൃത്യമായി പരിഹരിക്കാതിരിക്കുകയും ചെയ്യുന്നത് ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
നിര്‍ജ്ജലീകരണവും അപസ്മാരവും
നിര്‍ജ്ജലീകരണം എങ്ങനെയാണ് അപസ്മാരത്തിന് (Seizures) കാരണമാകുന്നതെന്ന് ഡോ. എല്‍. സിന്ധുജ വിവരിക്കുന്നു. തുടക്കത്തില്‍ സാധാരണ തലവേദനയായിട്ടായിരിക്കും ഇത് അനുഭവപ്പെടുക. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ വേനല്‍ക്കാലത്ത് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:
* തലവേദന - സാധാരണ തലവേദനയായി തോന്നി നമ്മള് അവഗണിച്ചേക്കാം.
* അപസ്മാരം - ദ്രാവകനഷ്ടം തുടരുന്നത് അപസ്മാരത്തിലേക്ക് നയിക്കാം.
* ഹീറ്റ് സ്ട്രോക്ക് (സൂര്യഘാതം) - ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടകരമായ അവസ്ഥയാണ്.
* തലവേദന അനുഭവപ്പെടുകയും വെള്ളം കുടിച്ചിട്ടും അത് മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
എങ്ങനെ പ്രതിരോധിക്കാം?
വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ :
* ധാരാളം വെള്ളം കുടിക്കുക : ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ലാത്തവര് ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
* പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക : അമിതമായ വെയില് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുട കരുതുക.
* ഉച്ചസമയത്തെ യാത്രകള്‍ ഒഴിവാക്കുക : രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വെയില് ഏല്‍ക്കുന്നത് ഒഴിവാക്കണം. ഈ സമയത്താണ് 'ഹീറ്റ് സ്ട്രോക്ക്' ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. പ്രായമായവര്‍ ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.






