
ബോളിവുഡ് ഇന്നും താരാധിപത്യത്തിന് പിന്നാലെയാണെന്നും മലയാള സിനിമയിലേതു പോലെ മാറ്റങ്ങൾ അവിടെ സംഭവിക്കുന്നില്ലെന്നും സംവിധായകൻ പ്രിയദർശൻ. തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യുടെ റിലീസുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
'ഇന്ന് ഇന്ത്യയിലുടനീളം സിനിമയിൽ ഒരു പുതിയ തലമുറ തന്നെ വളർന്നുവരുന്നുണ്ട്. മലയാള സിനിമയിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത, വലിയ ബജറ്റുകൾ ഇല്ലെങ്കിൽ പോലും അവർ സിനിമയുടെ ഉള്ളടക്കത്തിന് നൽകുന്ന പ്രാധാന്യമാണ്. പുതിയ കാലത്തെ സംവിധായകർ അവരുടെ കഥകൾ വളരെ രസകരമായി അവതരിപ്പിക്കുന്നു. ഒടിടിയുടെ വരവോടെ അവർക്ക് വലിയൊരു പ്രേക്ഷകവൃന്ദത്തെയും ലഭിക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ബോളിവുഡിൽ അത്തരമൊരു മാറ്റം കാണാൻ കഴിയുന്നില്ല', പ്രിയദർശന്റെ വാക്കുകൾ.
ഭൂത് ബംഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. സിനിമയുടെ ടീസർ പുറത്തുവന്നു. ഏപ്രിൽ 10 നു സിനിമ പുറത്തിറങ്ങും.
ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.






