2026 മോഡല്‍ ഇയര്‍ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V. ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെങ്കിലും കൂടുതല്‍ ഫീച്ചറുകളും കളര്‍ ഓപ്ഷനുകളും ചേര്‍ത്തുകൊണ്ടാണ് 2026 മോഡല്‍ ഇയറിലേക്ക് മാറിയിരിക്കുന്നത്. 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V പതിപ്പ് ഇപ്പോള്‍ 3 വ്യത്യസ്ത വേരിയന്റുകളിലാണ് വാങ്ങാനാവുക. ബേസ് വേരിയന്റ് പോലും ഇപ്പോള്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുവെന്നതാണ് ഹൈലൈറ്റ്.
വിലയുടെ കാര്യത്തില്‍ 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V ബേസ് വേരിയന്റിന് 1,25,440 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരിക. നിറങ്ങളുടെ കാര്യത്തില്‍ ബേസ് മോഡല്‍ മാറ്റ് ബ്ലാക്ക്, റേസിംഗ് റെഡ് നിറങ്ങളില്‍ തെരഞ്ഞെടുക്കാനാവും. സ്റ്റാന്‍ഡേര്‍ഡായി ബേസ് വേരിയന്റിന് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വരെ ലഭിക്കുന്നുണ്ട്. സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് എന്ന് വിളിക്കപ്പെടുന്ന ഇത് സിംഗിള്‍ ചാനല്‍ എബിഎസ്, RSU ഫ്രണ്ട് ഫോര്‍ക്കുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ സവിശേഷതകളോടെയാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. USD ഡ്യുവല്‍ ചാനല്‍ എബിഎസ് എന്ന് വിളിക്കുന്ന രണ്ടാമത്തെ വേരിയന്റിന് 1,30,690 രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരുന്നത്.
ഡ്യുവല്‍ ചാനല്‍ എബിഎസ്, USD ഫ്രണ്ട് ഫോര്‍ക്കുകള്‍, അഡ്ജസ്റ്റബിള് ലിവറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ, പേള്‍ വൈറ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളിലാണ് 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V-യുടെ രണ്ടാമത്തെ വേരിയന്റ് തെരഞ്ഞെടുക്കാനാവുക. പുതിയ ടോപ്-സ്പെക്ക് വേരിയന്റിന് USD TFT എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് 1,37,440 രൂപയാണ് എക്സ്ഷോറൂം വിലയായി വരുന്നത്.
SmartXonnect ടെലിമാറ്റിക്സ്, നാവിഗേഷന്‍, ട്രാക്ഷന്‍ കണ്ട്രോള് പോലുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു TFT ക്ലസ്റ്റര്‍ ഇതില്‍ ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, റേസിംഗ് റെഡ്, മറൈന്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ടോപ്-സ്പെക്ക് വേരിയന്റിനൊപ്പം USD ഫോര്‍ക്കുകളും ഡ്യുവല്‍-ചാനല്‍ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. 2026 ടിവിഎസ് അപ്പാച്ചെ RTR 160 4V പഴയ എഞ്ചിനില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് 17.3 bhp പവറില്‍ പരമാവധി 14.73 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. റൈഡിംഗ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇതില്‍ സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ടിവിഎസ് ഒരുക്കിയിട്ടുണ്ടെന്നത് ആകര്‍ഷകമായ കാര്യമാണ്.






