
വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഏപ്രില്‍ പകുതിയോടെ ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ഇവികളും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായിരുന്നെങ്കില്‍ ഇത്തവണ ഒരു ഇലക്ട്രിക് എംപിവിയാണ് എത്തുന്നത്. ലിമോ ഗ്രീന്‍ എന്ന പേരില്‍ വിദേശ വിപണികളില്‍ വില്‍ക്കുന്ന മോഡലായിരിക്കും അടുത്തതായി ഇന്ത്യയിലേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഇലക്ട്രിക് എംപിവി ഇവിടെ പ്രത്യേക പേരുകളില്‍ വില്‍ക്കുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കായി 'ലിമോ ഗ്രീന്‍' എന്ന പേരായിരിക്കും മോഡലിന് സമ്മാനിക്കുക. അതേസമയം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് 'MPV7' എന്നപേരിലുമായിരിക്കും എംപിവി വിപണനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന വിന്‍ഫാസ്റ്റ് MPV7, VF6, VF7 എന്നിവയ്ക്ക് സമാനമായ ശൈലി തന്നെയായിരിക്കും സ്വീകരിക്കുക. അതായത് മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, ലംബമായി അടുക്കിയ ഹെഡ്ലൈറ്റുകള്‍, എയറോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ മുതലായവ ഈ എംപിവിയ്ക്ക് ഉണ്ടായിരിയ്ക്കും.
എംപിവിയുടെ ഗ്ലോബല്‍ മോഡലില്‍ 4-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകള്‍ വിയറ്റ്‌നാമീസ് ബ്രാന്‍ഡ് കുത്തിനിറച്ചിട്ടുണ്ട്.
വിദേശ വിപണികളില്‍ MPV7 ഇവിയില്‍ 60.13 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു സോളിഡ് ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ വിന്‍ഫാസ്റ്റ് MPV7 മോഡലിന് 204 bhp പവറില്‍ പരമാവധി 280 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. NEDC-ക്ലെയിം പ്രകാരം ഇവിക്ക് സിംഗിള്‍ ചാര്‍ജില്‍ 450 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ കഴിയും.






