
മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവിയാണ് ജിംനിയെ തന്റെ യാത്രകള്‍ക്കായി കൂടെക്കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട നടി അപര്‍ണ ബാലമുരളി. സിനിമയില്‍ എത്തിയിട്ട് പത്ത് കൊല്ലം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ മാരുതി സുസുക്കി ജിംനിയും താരം സ്വന്തമാക്കിയിരിക്കുന്നത്. നടി പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജിംനിയുടെ ഗ്രേ കളര്‍ ഓപ്ഷനാണ് അപര്‍ണ തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവില്‍ മാരുതി സുസുക്കി ജിംനിക്ക് 12.32 ലക്ഷം മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ചില മാസങ്ങളില്‍ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും വാഹനത്തില്‍ കമ്പനി ഒരുക്കാറുണ്ട്. പക്ഷേ ഇന്ത്യക്കുവേണ്ടിയുള്ള നിര്‍മാണം കുറവായതിനാല്‍ വാഹനത്തിന് ഇപ്പോള്‍ വലിയ ഡിമാന്റാണുള്ളത്. എര്‍ട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലന്‍ 1.5 ലിറ്റര്‍ എഞ്ചിനാണ് ജിംനിക്ക് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തില്‍ പരമാവധി 136 Nm torque വരെ നിര്‍മിക്കാനും ശേഷിയുള്ളതാണ്. ലാഡര്‍ ഫ്രെയിം ഷാസിയില്‍ പണിതിറക്കിയിരിക്കുന്ന മാരുതിയുടെ ഓഫ്-റോഡറിന് സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോര്‍വീല്‍ ഡ്രൈവ് സജ്ജീകരണവും ലഭിക്കുന്നുണ്ട്.
ജിംനിക്ക് മൊത്തത്തില്‍ 3,985 മില്ലീമീറ്റര്‍ നീളവും 1,645 മില്ലീമീറ്റര്‍ വീതിയും 1,720 മില്ലീമീറ്റര്‍ ഉയരവും 2,590 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. ഹെഡ്ലൈറ്റ് വാഷര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയില്‍ എത്തിയിരിക്കുന്നത്.






