
ലോകത്തെവിടെയായാലും തങ്ങളുടെ സംസ്കാരവും ആചാരങ്ങളും അതേപടി പിന്തുടരുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ സാംസ്കാരിക വ്യക്തിത്വം എവിടെയും പണയപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു ഇന്ത്യന്‍ യുവതിയുടെ അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്കോട്ട്ലന്‍ഡില്‍ എഞ്ചിനീയറായ ആകാന്‍ക്ഷ സദേക്കര്‍ ചൗഹാന്, വിവാഹശേഷം ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് സിന്ദൂരവും താലിയും അണിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ് പങ്കുവെച്ചത്. വിദേശികളായ സഹപ്രവര്‍ത്തകര്‍ തന്റെ ലുക്കിനെ ഏറെ ബഹുമാനത്തോടെയാണ് നോക്കിക്കണ്ടതെന്ന് ആകാന്‍ക്ഷ പറയുന്നു. എന്നാല്‍, തികച്ചും അപ്രതീക്ഷിതമായി ഒരു ഇന്ത്യന്‍ വംശജയില് നിന്നുതന്നെ തനിക്ക് പരിഹാസം നേരിടേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി.
'ഓഫീസിലേക്ക് നവവധുവിനെപ്പോലെ വരാന്‍ നിനക്ക് നല്ല ധൈര്യം വേണം' എന്നായിരുന്നു ഇന്ത്യന്‍ വംശജയായ സഹപ്രവര്‍ത്തകയുടെ പരിഹാസം കലര്‍ന്ന പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് ആകാന്‍ക്ഷ സ്വീകരിച്ചത്. മറ്റു സംസ്കാരത്തിലുള്ളവര്‍ പോലും നമ്മുടെ ആചാരങ്ങളെ ബഹുമാനിക്കുമ്പോള്‍, സ്വന്തം നാട്ടുകാര്‍ തന്നെ അതിനെ ചെറുതാക്കാന്‍ നോക്കുന്നത് കൗതുകകരമാണെന്ന് ആകാന്‍ക്ഷ കുറിച്ചു. സ്ത്രീകളുടെ വസ്ത്രധാരണം മോഡേണായാലും പരമ്പരാഗതമായാലും അവരെ നിയന്ത്രിക്കാന്‍ പലര്‍ക്കും താല്പര്യമാണെന്നും, താന്‍ സിന്ദൂരമണിയുന്നത് ആരെയും ബോധിപ്പിക്കാനല്ല, മറിച്ച് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും ആകാന്‍ക്ഷ വ്യക്തമാക്കി.
മുംബൈയില്‍ ജനിച്ച് ഒമ്പതാം വയസ്സില്‍ സ്കോട്ട്ലന്‍ഡിലേക്ക് കുടിയേറിയ ആകാന്‍ക്ഷ തന്റെ ബ്രിട്ടീഷ് ജീവിതശൈലിയും ഹിന്ദു സംസ്കാരവും ഒരുപോലെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. 'ഞാനൊരു ബ്രിട്ടീഷ് ഹിന്ദു സ്ത്രീയാണ്, അത് എവിടെയും ഒളിച്ചുവെക്കേണ്ട കാര്യമില്ല' എന്ന ആകാന്‍ക്ഷയുടെ വാക്കുകള്‍ നിരവധി പേരുടെ കൈയടി നേടുന്നുണ്ട്. സ്വന്തം വേരുകളെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ചുകൊണ്ട് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് വലിയ പ്രചോദനമാണ് ആകാന്‍ക്ഷയുടെ ഈ നിലപാട്.






