
കഴിഞ്ഞ ദിവസമാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രിയപ്പെട്ട അപ്പൂപ്പന്റെ വിയോഗത്തില്‍ ദു:ഖത്തിലാണ് കൊച്ചുമക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ.
അപ്പൂപ്പന്റെ ഓര്‍മകള്‍ പങ്കിട്ട് ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ നിങ്ങളെ ഇങ്ങനെയാകും സ്വീകരിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പാണ് അപ്പൂപ്പാ.. അടുത്ത ജന്മത്തില് നമുക്ക് വീണ്ടും കാണാന്‍ ശ്രമിക്കാം അപ്പൂപ്പാ..’ എന്നാണ് ദിയ കുറിച്ചത്.
അതേസമയം സിന്ധുകൃഷ്ണയും അച്ഛന്റെ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. ദിയയുടെ മകന് ഓമിയെ കൊഞ്ചിക്കുന്ന അച്ഛന്റെ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. തന്നെ എടുത്തു നടക്കണമെന്ന് വാശിപിടിക്കുന്ന കുഞ്ഞ് ഓമിയോട് അപ്പൂപ്പന് ഇപ്പോള്‍ പഴയതുപോലെ നടക്കാന്‍ വയ്യ, നിനക്ക് സഹായം വേണ്ടതുപോലെ അപ്പൂപ്പനും നടക്കാന്‍ മറ്റൊരാളുടെ സഹായം വേണം എന്ന് അദ്ദേഹം സ്നേഹത്തോടെ പറയുന്നതാണ് വീഡിയോയിലുളളത്.
കൃഷ്ണകുമാര്‍ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു സിന്ധുവിന്റെ മാതാപിതാക്കള്‍. കെകെ ഫാമിലിയുടെ വ്ളോഗുകളിലൂടെ പ്രേക്ഷകര്‍ക്കും സുപരിചിതരായിരുന്നു ഇവര്‍. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വിശേഷങ്ങള്‍ പേരക്കുട്ടികളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടയ്ക്ക് പങ്കുവെക്കാറുണ്ട്.






