
നടന് പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു സുവര്‍ണ്ണലതയുടെ അന്ത്യം.
ഇപ്പോഴിതാ അമ്മയുടെ ചിത്രത്തിനൊപ്പം പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. '' ഞങ്ങളുടെ ദുഃഖസയമത്ത് നിങ്ങളുടെ ദയയ്ക്കും കരുതലുളള വാക്കുകള്‍ക്കും എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. എനിക്കും എന്റെ കുടുംബത്തിനും അത് വലിയ ആശ്വാസമായിരുന്നു. അമ്മേ, എല്ലാത്തിനും നന്ദി.. ഒരുപാട് സ്നേഹിക്കുന്നു.. അമ്മയെ ഞങ്ങള്‍ മിസ് ചെയ്യുന്നു'' , എന്നാണ് പ്രകാശ് രാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ താരത്തിന്റെ മാതാവായ സുവര്‍ണലത കഠിനമായ പോരാട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ഹൂബ്ലിയിലെ ഒരു അനാഥാലയത്തിലാണ് അവര്‍ വളര്‍ന്നത്. പിന്നീട് നഴ്സായി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് ബംഗളൂരുവിലേക്ക് മാറിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അമ്മയായിരുന്നു എന്ന് പ്രകാശ് രാജ് പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
പിതാവ് മദ്യത്തിന് അടിമയായതിനുപിന്നാലെ വീട്ടിലെ ഏക സാമ്പത്തിക ആശ്രയം അമ്മയായിരുന്നു. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തില്‍ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.






