
ന്യൂഡല്‍ഹി: വിവാഹത്തിനു മുന്‍പോ ശേഷമോ സ്ത്രീക്കു നല്കുന്ന സ്വത്ത് അവളുടെ മാത്രം സ്വന്തമാണെന്നും അത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും പൊതുസ്വത്തായി മാറില്ലെന്നും അലഹാബാദ് ഹൈക്കോടതി. സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രമാണെന്നും അതിന്റെ പേരിലുള്ള വിശ്വാസവഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചവന് പ്രകാശ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ സുപ്രധാന കാര്യങ്ങളുള്ളത്.
കഷ്ടകാലത്ത് ഈ സ്വത്ത് ഭര്‍ത്താവിന് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തു നല്‍കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍ ഭാര്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. സ്ത്രീയുടെ സ്വത്തിന്മേല് ഭര്‍ത്താവിന് അവകാശവാദം ഉന്നയിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
ഭാര്യ വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്കിയ പരാതിയില്‍ സ്ത്രീ വിചാരണ നേരിടണമെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2012 ല്‍ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടതായിരുന്നു ഈ കേസ്. അധിക സ്ത്രീധനം ആവശ്യപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നേരത്തെ കേസു നല്‍കിയിരുന്നു. ഇതിനിടെ ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നല്കാന് കോടതി വിധിക്കുകയും ചെയ്തിരുന്നു.






