
കേരളത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സിനിമയായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്ലീം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് തീവ്രവാദ സംഘനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന പേരില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അടുത്തിടെ കേരള സ്റ്റോറി രണ്ടാം ഭാഗവും റിലീസ് ചെയ്തിരുന്നു.
എന്നാല്‍ സിനിമ കാണാന്‍ ഒരാളുപോലും എത്താതിരുന്നതിനെ തുടര്‍ന്ന് കേരളത്തിലെ പല തിയറ്ററുകളില്‍ നിന്നും ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പളളിച്ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരള സ്റ്റോറി 2 വിനെക്കുറിച്ചുളള ഒരു ചോദ്യത്തിന് നടന് ടൊവിനോ നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
2023 ല്‍ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടന്മാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നല്കിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങള്‍ പ്രതികരിക്കാതെ ഇരുന്നത് എന്നായിരുന്നു ടൊവിനോയോടുളള ചോദ്യം.
‘ഞാന്‍ അതിന്റെ ആദ്യഭാഗം കണ്ടിരുന്നു. അപ്പോള്‍ തന്നെ എനിക്ക് മനസിലായി , ഞാന്‍ ഒരു പോസ്ററ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാല്‍ അത് അവര്‍ക്കൊരു പ്രെമോഷനായി മാറുമെന്ന്. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഒരിക്കലും ഞാന്‍ അത് ചെയ്യില്ലെന്ന്. ഞാന്‍ അത് ഒഴിവാക്കി വിട്ടു. കേരളത്തില്‍ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ ടൊവിനോ പറഞ്ഞു. ടൊവിനോയുടെ മറുപടിക്ക് കയ്യടിക്കുകയാണ് ആരാധകരിപ്പോള്‍.
അതേസമയം വിഷു റിലീസായി ഏപ്രില്‍ 10 നാണ് പള്ളിച്ചട്ടമ്പി റിലീസ് ചെയ്യുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കയാദു ലോഹര്‍ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.






