
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന് രഞ്ജിത്ത് അറസ്റ്റിലായതില്‍ പ്രതികരണവുമായി, സംവിധായകനെതിരേ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി. കര്‍മ്മ ആരെയും വെറുതെ വിടില്ല. ചെയ്യുന്നതെല്ലാം തിരിച്ചുകിട്ടുമെന്നാണ് നടി പറഞ്ഞത്. ഒരു മാധ്യമത്തോടായിരുന്നു നടിയുടെ പ്രതികരണം.
' രഞ്ജിത്ത് പ്രശസ്തനായ സംവിധായകനായിരിക്കാം. എന്നാല്‍ എനിക്കതിനെക്കുറിച്ചറിയില്ല. രഞ്ജിത്ത് നല്ലൊരു മനുഷ്യനല്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന പീഡനപരാതി തെളിയിക്കുന്നത്. അയാളൊരു ലൈംഗിക വേട്ടക്കാരനാണ്. അതിക്രമത്തെക്കുറിച്ച് പുറത്തുപറയാന്‍ എനിക്ക് 15 വര്‍ഷം വേണ്ടിവന്നു. അന്നെനിക്ക് ആരെയും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയ ഇത്രത്തോളം വളര്‍ന്നിട്ടില്ലായിരുന്നു. കാലതാമസം വന്നതുകൊണ്ടാണ് എന്റെ കേസ് റദ്ദാക്കിയത്.
രഞ്ജിത്തിനെതിരെ പരാതി നല്കിയ നടിയോട് നന്ദി പറയുന്നു. ഇത്തരത്തിലുളള ലൈംഗിക വേട്ടക്കാരെ ജയിലിലടക്കണം. സ്ത്രീകള്‍ ബഹുമാനിക്കപ്പെടാന്‍ അര്‍ഹരാണെന്ന ഉദാഹരണം നല്കുന്നതായിരിക്കണം ഈ കേസ്' - നടി വ്യക്തമാക്കി.
2009-ല്‍ പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന ബംഗാളി നടിയുടെ പരാതിയിലാണ് നേരത്തെ കേസെടുത്തത്. 2004ലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കേസില്‍ പോലീസ് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2009ലെ സംഭവമാണെന്നും കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുളള സമയപരിധി അവസാനിച്ചുവെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ െഹെക്കോടതി കേസ് റദ്ദാക്കിയിരുന്നു.






