
സഹോദരന് അമന് പ്രീത് സിങ്ങിന് പിറന്നാള്‍ ആശംസിച്ച് ബോളിവുഡ് താരം രാകുല്‍ പ്രീത് സിങ്. കുട്ടിക്കാലം മുതലുളള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരം തന്റെ പ്രിയപ്പെട്ട സഹോദരന് ആശംസകള്‍ അറിയിച്ചത്.
സഹോദരങ്ങള്‍ തമ്മിലുളള ആഴം വെളിപ്പെടുത്തുന്നതായിരുന്നു രാകുലിന്റെ കുറിപ്പ്. ഒരുകാലത്ത് ഏറ്റവും ക്യൂട്ട് ആയിരുന്ന സഹോദരനില്‍ നിന്നും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിക്കുന്ന ഒരാളായി നീ മാറി' എന്ന് തമാശരൂപേണ രാകുല്‍ കുറിച്ചു. നീ എത്രയൊക്കെ വളര്‍ന്നാലും നിന്നെ ശല്യം ചെയ്യുന്നത് ഞാന്‍ തുടരുമെന്നും, നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ എന്നും താരം ആശംസിച്ചു.
‘ജന്മദിനാശംസകള് സഹോദരാ .എനിക്കറിയാം നീ കൂടുതല്‍ ശക്തനും, ബുദ്ധിമാനും, സ്വപ്നങ്ങളോട് അടുക്കുന്നവനും ആകുന്ന വര്‍ഷമാണിതെന്ന് . ജീവിതം നിനക്ക് എല്ലാ ദിവസവും പുഞ്ചിരിക്കാന്‍ ധാരാളം കാരണങ്ങള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ എത്ര വലുതായാലും എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും നിനക്കുണ്ടാകും. അതെ... ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല, ഞാന്‍ ഇപ്പോഴും നിന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും നീയും അങ്ങനെ തന്നെ ചെയ്യുമെന്ന് എനിക്കറിയാം ഈ ജന്മദിനത്തില് നിന്നെ കുറച്ചുകൂടി മിസ്സ് ചെയ്യുന്നു
എപ്പോഴും നിന്നെ സ്നേഹിക്കുന്നു ’എന്നായിരുന്നു രാകുലിന്റെ വാക്കുകള്‍.
നിരവധിപ്പേരാണ് പോസ്റ്റിനു താഴെ രാകുലിന്റെ സഹോദരന് ആശംസകള്‍ അറിയിച്ചെത്തുന്നത്.രാകുലിന്റെ ഭര്‍ത്താവും നടനുമായ ജാക്കി ഭഗ്നാനിയും അമന് ആശംസകളുമായെത്തിയിരുന്നു. ‘ഹാപ്പി ബര്‍ത്ത്ഡേ ബ്രദര്‍, നിന്റെ ആ 'മാച്ച് മേക്കിംഗ്' സ്കില്‍സ് ഒടുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും തമാശകള്‍ക്കപ്പുറം, നിന്റെ ആത്മാര്‍ത്ഥതയും സ്നേഹവുമാണ് നിന്നെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കായി എപ്പോഴും കൂടെ നില്ക്കുന്ന നിന്നെപ്പോലൊരാള്‍ ജീവിതത്തില്‍ ഉള്ളത് വലിയ ഭാഗ്യമാണ്. ഈ വര്‍ഷം നിനക്ക് സന്തോഷവും ഐശ്വര്യവും നല്കട്ടെ’ എന്നായിരുന്നു ജാക്കി ഭഗ്നാനി കുറിച്ചത്.






