
തന്റെ ജന്മദിനത്തില് ആശംസകള്‍ അറിയിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് പ്രശസ്ത ബോളിവുഡ് ഗായിക പലാക് മുച്ചല്‍. തനിക്ക് ലഭിക്കുന്ന സ്നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദിയളളവളാണെന്നും, തന്റെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.
'മറ്റൊരു വര്‍ഷം കൂടി കടന്നുപോകുന്നു... ഞാന്‍ എത്രത്തോളം സ്നേഹിക്കപ്പെടുന്നുവെന്നും അനുഗ്രഹിക്കപ്പെട്ടവളാണെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം കൂടി. ഇന്ന് എനിക്ക് ലഭിച്ച ഓരോ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്തരും എന്റെ ജന്മദിനം ഇത്രയധികം സവിശേഷമാക്കി മാറ്റി, എന്റെ ഹൃദയം ഇപ്പോള്‍ സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലാക് കുറിച്ചു.
തന്റെ ജീവിതയാത്രയുടെ ഭാഗമായതിനും എല്ലായ്പ്പോഴും ഇത്രയധികം ഊഷ്മളമായ സ്നേഹം ചൊരിയുന്നതിനും നന്ദി. നമുക്ക് ഒരുമിച്ച് വളരാനും പകര്‍ന്നു നല്‍കാനും മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും സാധിക്കട്ടെ. എല്ലാ സ്നേഹത്തോടും നന്ദിയോടും കൂടി... ഗായിക കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചെത്തുന്നത്.
ഗായിക എന്നതിലുപരി, ഹൃദ്രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനും ആയിരക്കണക്കിന് കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഉറപ്പാക്കുന്നതിനും പലാക് മുന്നിലുണ്ട്. സംഗീത സംവിധായകന് മിഥുന് ശര്‍മ്മയാണ് പലാക്കിന്റെ ഭര്‍ത്താവ്. 'ആഷിഖി 2', 'എം.എസ്. ധോണി' തുടങ്ങിയ ചിത്രങ്ങളിലെ പലാക്കിന്റെ ഗാനങ്ങള്‍ മലയാളികള്‍ക്കിടയിലും ഏറെ പ്രിയപ്പെട്ടതാണ്






