
കൊച്ചി: നൂറ്റാണ്ടു പഴക്കമുള്ള യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കുമെന്ന വാഗ്‌ദാനവുമായി മുന്നണികള്‍. ഇതാദ്യമായാണു സഭാതര്‍ക്കം തെരഞ്ഞെടുപ്പു പ്രകടന പത്രികകളില്‍ ഇടംപിടിക്കുന്നത്. മധ്യകേരളത്തിലെ വോട്ടുകളില്‍ സഭാതര്‍ക്കത്തിനുള്ള സ്വാധീനം തിരിച്ചറിഞ്ഞാണു മൂന്നു മുന്നണികളുടെയും രാഷ്‌ട്രീയ നീക്കങ്ങള്‍.
മലങ്കര സഭാതര്‍ക്കം മാത്രമല്ല, എല്ലാ സഭകളിലേയും തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നാണു ഇന്നലെ പുറത്തിറക്കിയ യു.ഡി.എഫ്. പ്രകടന പത്രിക പറയുന്നത്. സഭാതര്‍ക്കങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പ്രകടനപത്രിക പറയുന്നു. സിറോമലബാര്‍, പെന്തക്കോസ്‌ത് സഭകളിലും ചില സ്വതന്ത്ര സഭകളിലും തര്‍ക്കങ്ങള്‍ നിലവിലുണ്ട്.
മലങ്കര സഭാതര്‍ക്കം പരിഹരിക്കുമെന്നാണു എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായ ട്വന്റി20 പാര്‍ട്ടിയുടെ വാഗ്‌ദാനം. 114 വര്‍ഷം പഴക്കമുള്ള മലങ്കര സഭാതര്‍ക്കം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന ഉറപ്പു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണു ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് പറയുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ആറുമാസത്തിനകം ഇടപെടല്‍ നടത്തുമെന്ന ഉറപ്പും അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു.
എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിര്‍ണായകമായ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ വോട്ടുകള്‍ ലക്ഷ്യമിട്ടാണു മുന്നണികളുടെ നീക്കം. സഭാതര്‍ക്കം പരിഹരിക്കാന്‍ മലങ്കര ചര്‍ച്ച് ബില്‍ കൊണ്ടുവരുമെന്ന പ്രതീക്ഷ യാക്കോബായ വിശ്വാസികളില്‍ ഇടതുമുന്നണി നിലനിര്‍ത്തിയിട്ടുണ്ട്. സംസ്‌ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണു യാക്കോബായ സഭയ്‌ക്കു കഴിഞ്ഞമാസം അനുകൂല വിധി ലഭിച്ചത്.
ബില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കേസുകള്‍ കാരണം കഴിഞ്ഞില്ല. എന്നാല്‍, ഹൈക്കോടതി തീര്‍പ്പാക്കിയതോടെ തടസം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടു. സെമിത്തേരി ബില്‍ അടക്കം സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ എല്‍.ഡി.എഫിനേ കഴിയൂവെന്നാണു ഇടതു നേതാക്കള്‍ അവകാശപ്പെടുന്നത്. മൂന്നാംവട്ടം വന്നാല്‍ ചര്‍ച്ച്‌ബില്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയും ഇടതുമുന്നണി യാക്കോബായ സഭയ്‌ക്കു നല്‍കുന്നുണ്ട്.
അതേസമയം, ട്വന്റി20 വഴി കൂടുതല്‍ ൈക്രസ്‌തവ വോട്ടുകള്‍ ലഭിക്കുമെന്നാണു ബി.ജെ.പി. പ്രതീക്ഷ. ചില സീറ്റില്‍ സഭകള്‍ കാര്യമായി സഹായിക്കുമെന്നും കണക്കുകൂട്ടുന്നു. അനൂപ് ആന്റണി മത്സരിക്കുന്ന തിരുവല്ലയിലും കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന ആറന്മുളയിലും ഓര്‍ത്തഡോക്‌സ് സഭയുടെ സഹായവും, കുന്നത്തുനാട്ടില്‍ ട്വന്റി20 സ്‌ഥാനാര്‍ഥിക്കും തൃപ്പൂണിത്തുറയിലും യാക്കോബായ സഭയുടെ സഹായവും ബി.ജെ.പി. പ്രതീക്ഷിക്കുന്നു. അജിത് ദോവലുമായി അടുത്ത ബന്ധമുള്ളയാളാണു അനൂപ് ആന്റണി. മനുഷ്യക്കടത്ത് ആരോപിച്ചു ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ മലയാളികളായ കന്യാസ്‌ത്രീകളെ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഭവത്തില്‍ അവരെ മോചിപ്പിക്കാന്‍ അനൂപ് ആന്റണി നടത്തിയ ശ്രമങ്ങള്‍ കത്തോലിക്ക വിശ്വാസികളെ സ്വാധീനിക്കുമെന്നും ബി.ജെ.പി. കരുതുന്നു.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ സഭാതര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവഅഭ്യര്‍ഥിച്ചിരുന്നു. കോടതികള്‍ക്ക് സഭാതര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്നാണു പ്രധാനമന്ത്രിയും കൂടിക്കാഴ്‌ചയില്‍ പറഞ്ഞത്.
കോടതി വിധികള്‍ ഘടികാരത്തിന്റെ പെന്‍ഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും മാറുമെന്നും, അമിത ആഹ്‌ളാദം വേണ്ടെന്നും ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് ബാവ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചതിലും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് വാഗ്‌ദാനമായി മുന്നണികള്‍ ഈ വിഷയം മുന്നോട്ടുവയ്‌ക്കുന്നത്.
ജെബി പോള്‍






