
തായ്‌ലന്‍ഡിലെ ക്രാബിയില്‍ അവധിയാഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറിയിലുണ്ടായ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടലായി മാറുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഉറക്കത്തിനിടെ ശരീരത്തിലൂടെ തണുത്ത എന്തോ ഒന്ന് ഇഴയുന്നതായി തോന്നിയ യുവതി ഞെട്ടിയുണര്‍ന്നു. പങ്കാളിയെ വിവരം അറിയിച്ചെങ്കിലും ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ തൊട്ടടുത്ത് നിന്ന് പാമ്പിന്റെ സീല്‍ക്കാരം കേട്ടതോടെയാണ് ദമ്പതികള്‍ അപകടം തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒരു വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഹോട്ടല്‍ അധികൃതര്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയും വിദഗ്ധര്‍ എത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. പാമ്പിനെ പിടികൂടുന്നതിനിടെ അത് പലതവണ ആഞ്ഞുകൊത്താന്‍ ശ്രമിക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.
അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. വനപ്രദേശങ്ങള്‍ക്ക് അടുത്തുള്ള റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കുന്നവര്‍ വാതിലുകളും ജനാലകളും കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രാദേശിക അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഭാഗ്യം കൊണ്ടാണ് ദമ്പതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്






