
നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഓഫീസുകളിലാണ്. എന്നാല്‍ ഓഫീസിലെ അന്തരീക്ഷം തന്റെ ചര്‍മ്മത്തെയും മുടിയെയും മോശമായി ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നോവ ഡോലന്‍ എന്ന യുവതി. ഓഫീസിലേക്ക് വരുമ്പോള്‍ ചര്‍മ്മത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും എന്നാല്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അത് വരണ്ടതാകുന്നുമെന്നുമാണ് ഇവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
നാല് വര്‍ഷം മുമ്പ് ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് താന്‍ ഈ മാറ്റം ശ്രദ്ധിച്ചതെന്ന് യുവതി പറയുന്നു. രാവിലെ നന്നായി ഒരുങ്ങി പുറത്തിറങ്ങുമെങ്കിലും ഉച്ചയാകുമ്പോഴേക്കും ഓഫീസിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ചര്‍മ്മം വരളുന്നതായും മുടി എണ്ണമയമുള്ളതായും അനുഭവപ്പെടും. ഇതെന്തുകൊണ്ടാണ് ഇങ്ങനെയെന്ന് തനിക്ക് തന്നെ സംശയം തോന്നാറുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു. ഓഫീസിലെ മോശം വായുസഞ്ചാരവും ദീര്‍ഘനേരം ഒരേയിടത്ത് ഇരിക്കുന്നതും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് യുവതിയുടെ നിരീക്ഷണം.
യുവതിയുടെ വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര് രംഗത്തെത്തി. ഓഫീസിലിരിക്കുമ്പോള്‍ തന്റെ കണ്ണുകള്‍ കാരണമില്ലാതെ ചുവക്കുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഉച്ചഭക്ഷണ സമയമാകുമ്പോഴേക്കും താന്‍ ഒരു രോഗിയെപ്പോലെയാണ് അനുഭവപ്പെടാറുള്ളതെന്ന് മറ്റൊരാളും കുറിച്ചു. പലരും തങ്ങളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നതിനെക്കുറിച്ച് സമാനമായ ആശങ്കകളാണ് പങ്കുവെക്കുന്നത്.






