
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ അതിവേഗ നടപടി സ്വീകരിച്ചതിൽ പ്രതികരിച്ച് നടി മാല പാർവതി. ഇതാണ് കേരളമെന്നും ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകുമെന്നും മാല പാർവതി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
അതിജീവിതയുടെ പരാതിയിൽ അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല എന്നും മാല പാർവതി കുറിച്ചിട്ടുണ്ട്. എന്നാൽ നടിയുടെ കുറിപ്പിന് താഴെ വന്ന ഒരു ചോദ്യവും അതിന് അവർ നൽകിയ ഉത്തരവുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
'പക്ഷേ മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ ?'- എന്നായിരുന്നു ചോദ്യം. "മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, കുട്ടികളെ കൂട്ടികൊടുത്ത കേസിൽ നടപടി നേരിടുന്നു. അതാ ഞാൻ പറഞ്ഞത് സ്ത്രീ പറഞ്ഞാൽ ഉടനെ, എന്നല്ല എൻ്റെ നയം. പരാതിയിൽ നീതികേടും ഉണ്ടാകാൻ പാടില്ല.
ഗണേശനെതിരെ പരാതി പൊലീസിൽ എത്തിയോ ? അത്"- എന്നാണ് ചോദ്യത്തിന് നടി നൽകിയ മറുപടി. അതേസമയം ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.
മാല പാർവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ടവരെ... സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്.
അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അതുകൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി.
പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല!






