
മലയാളത്തിലൂടെ സിനിമാലോകത്തേക്ക് എത്തി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ ജന്മദിനത്തിൽ താരം കുറിച്ച വൈകാരികമായ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും തനിക്ക് താങ്ങായി നിന്ന അമ്മയോടുള്ള സ്നേഹവും നന്ദിയുമാണ് അനുപമയുടെ വാക്കുകളിൽ നിറയുന്നത്.
"ഏതു നിമിഷത്തിലും - ഞാൻ ശക്തയായിരിക്കുമ്പോഴോ, തളർന്നു പോകുമ്പോഴോ, വഴിമുട്ടി നിൽക്കുമ്പോഴോ - ഒന്നുപോലും ആലോചിക്കാതെ നിങ്ങളെപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഒരിക്കൽ പോലും നിങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എനിക്ക് പരിശ്രമിക്കേണ്ടി വന്നിട്ടില്ല... അത് എപ്പോഴും അവിടെയുണ്ട്, മാറ്റമില്ലാതെയും പതറാതെയും. ഇതൊന്നും ഞാൻ നിങ്ങളോട് അധികം പറയാറില്ല, പക്ഷേ നിങ്ങളെപ്പോലെ ഒരാളെ കിട്ടുന്നത് എത്ര അപൂർവ്വമാണെന്ന് എനിക്കറിയാം. എന്റെ അമ്മയായി കൂടെയുള്ളതിൽ ഞാൻ അത്രമേൽ നന്ദിയുള്ളവളാണ്. ജന്മദിനാശംസകൾ അമ്മക്കുട്ടി. ഐ ലവ് യു. ഉമ്മ ഉമ്മ ഉമ്മ...," അനുപമ കുറിച്ചതിങ്ങനെ.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അനുപമ 2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം 'പ്രേമം' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലെ 'മേരി' എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിക്കൊടുത്തു. മലയാളത്തിൽ തുടക്കമിട്ടെങ്കിലും പിന്നീട് തെലുങ്ക് സിനിമയിലാണ് അനുപമയ്ക്ക് വലിയ വിജയങ്ങൾ കൈവരിക്കാനായത്. 'അ ആ' എന്ന ചിത്രത്തിലൂടെ തെലുങ്കിലും 'കൊടി'യിലൂടെ തമിഴിലും 'നടസാർവഭൗമ'യിലൂടെ കന്നഡയിലും താരം തന്റെ സാന്നിധ്യമറിയിച്ചു. 'ശതമാനം ഭവതി', 'ഹലോ ഗുരു പ്രേമ കോസമേ', 'രാക്ഷസുഡു', 'കാർത്തികേയ 2' തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ അനുപമയുടെ താരമൂല്യം ഉയർത്തി.
2025-ലും കൈനിറയെ പ്രോജക്റ്റുകളുമായി തെന്നിന്ത്യൻ സിനിമയിൽ സജീവമായി തുടരുകയാണ് അനുപമ. തമിഴിലും തെലുങ്കിലും വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളുടെ ഭാഗമാണ് താരം ഇപ്പോൾ.






