
ഒരുകാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ സമീറ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഏറെ അരക്ഷിതാവസ്ഥ നിറഞ്ഞ തന്റെ കുട്ടിക്കാലത്തെ കുറിച്ചാണ് സമീറ കുറിപ്പില്‍ പറയുന്നത്. ചെറുപ്പത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത കുട്ടിയായിരുന്നു താന്‍ എന്നാണ് സമീറ കുറിക്കുന്നത്.
"ചെറുപ്പത്തിൽ എനിക്ക് ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. നിറത്തിന്റെയോ ശരീരപ്രകൃതിയുടെയോ പേരിൽ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്ന, ഇരുണ്ട നിറമുള്ള ആ പഴയ പെൺകുട്ടിയെ ഒന്ന് പിടിച്ചു കുലുക്കി അവൾ ഭാവിയിൽ എത്ര അത്ഭുതകരമായ വ്യക്തിത്വമായി മാറുമെന്ന് എനിക്ക് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകാറുണ്ട്. "
എനിക്ക് കുട്ടികളുണ്ടായപ്പോൾ, അവർക്ക് ദയയും കരുണയും ആദ്യം പഠിപ്പിച്ചു കൊടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതോടൊപ്പം തന്നെ സ്വന്തം അതിർവരമ്പുകൾ നിശ്ചയിക്കേണ്ടതിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രാധാന്യവും അവർ മനസ്സിലാക്കണമെന്ന് ഞാൻ കരുതി.
"ഇന്നത്തെ ലോകത്ത് ഈ രണ്ട് കാര്യങ്ങളും ഒരേപോലെ ബാലൻസ് ചെയ്തു കൊണ്ടുപോവുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ആ ഒരു വേദന അനുഭവിച്ചാണ് ഞാൻ വളർന്നത്."
"ഇതൊരു ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ സ്നേഹിക്കുന്നവർക്ക് ചുറ്റും എപ്പോഴും ഉണ്ടാകണം. അവരെ സംരക്ഷിക്കണം, അവർക്ക് കരുത്ത് നൽകണം, അവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം; അത് ഒരു കുട്ടിയായാലും മുതിർന്ന ആളായാലും."
"എന്നെക്കുറിച്ചുള്ള എന്റെ തന്നെ പഴയ ധാരണകൾ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോഴും. ബാല്യകാലത്ത് മനസ്സിൽ പതിഞ്ഞുപോയ പല കാര്യങ്ങളെയും മറികടക്കാൻ നമ്മളെല്ലാവരും ശ്രമിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്," സമീറ കുറിച്ചു.
ബോളിവുഡിന് പുറമെ തമിഴിലും, മലയാളത്തിലും, കന്നഡയിലുമെല്ലാം സമീറ റെഡ്ഡി അഭിനയിച്ചിട്ടുണ്ട്. ' വാരണം ആയിരം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സുപരിചിതയാകുന്നത്.






