
ചൈനയിലെ ഗ്വാങ്ഷൂ നഗരത്തില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം തികച്ചും അസാധാരണമായ ഒരു വഴിത്തിരിവിലെത്തി. അയല്‍ക്കാരനോട് പകരം വീട്ടാനായി ദിവസവും മണിക്കൂറുകളോളം ഉച്ചത്തില്‍ പ്രേതകഥകള്‍ കേള്‍പ്പിച്ച സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം ആളുകളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
ലുവും റൂംമേറ്റ് ലിസും ചേര്‍ന്ന് അയല്‍വാസിയായ ഷീ എന്നയാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്തരമൊരു രീതി അവലംബിച്ചത്. തങ്ങളുടെ വീടിന്റെ ചുവരിനോട് ചേര്‍ന്ന് ഒരു ഉച്ചഭാഷിണി സ്ഥാപിച്ചാണ് ഇവര്‍ ഭയപ്പെടുത്തുന്ന പ്രേതകഥകള്‍ കേള്‍പ്പിച്ചു തുടങ്ങിയത്. തര്‍ക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും പ്രതികാരം തീര്‍ക്കാനായിരുന്നു ഇവരുടെ ഈ നീക്കം.
രാവിലെ 8:45 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും, പിന്നീട് ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 10 മണി വരെയും തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഈ ഭയാനക ശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇത് അയല്‍ക്കാരനെ മാത്രമല്ല, കെട്ടിടത്തിലെ മറ്റ് താമസക്കാരെയും സാരമായി ബാധിച്ചു. രണ്ട് നിലകള്‍ക്ക് മുകളില്‍ താമസിക്കുന്ന ക്യൂ എന്ന വ്യക്തിയുടെ മകന് മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി.
ശബ്ദത്തിന്റെ അളവ് നിയമപരമായ പരിധിക്കുള്ളിലായതിനാല്‍ തുടക്കത്തില്‍ അധികൃതര്‍ക്ക് നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ മനഃപൂര്‍വം ബുദ്ധിമുട്ടിക്കാന്‍ ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ ക്യൂ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ലു ഓഡിയോ ഉപകരണങ്ങള്‍ നീക്കം ചെയ്യുകയും റെക്കോര്‍ഡിംഗുകള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിചിത്രമായ ശല്യത്തിന് അറുതിയായത്.






