
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ അച്ഛന് രംഗനാഥന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ചത്. ഇപ്പോഴിതാ അപ്പൂപ്പനെ ഓര്‍ത്ത് ഹൃദയം നുറുങ്ങും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ. അപ്പൂപ്പനൊപ്പമുളള കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഇഷാനിയുടെ കുറിപ്പ്.
''അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത ഞാന്‍ അനുഭവിച്ചിട്ടില്ല. നിങ്ങളെ ഒരിക്കല്‍ കൂടി കാണാനാകില്ലെന്നത് എനിക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. ചെറിയ കാര്യങ്ങളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. നിങ്ങളുടേയും അമ്മൂമ്മയുടേയും നടുവില്‍ കിടന്നുറങ്ങാന്‍ ഓസിയോട് അടിയുണ്ടാക്കുന്നത്, നിങ്ങളുടെ കൂടെയിരുന്ന് ഗുസ്തി കാണുന്നതും, ഞങ്ങളുടെ സ്കൂളിലെ പുസ്തകങ്ങള്‍ നിങ്ങള്‍ ഭദ്രമായി പൊതിയുന്നത് കാണുന്നതും. അന്ന് സാധാരണമെന്ന് തോന്നിയ നിമിഷങ്ങള്‍ ഇന്ന് എല്ലാമാണ്.
ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍. തമാശകള്‍ പറയുന്ന, സുന്ദരനായ, എല്ലാവരേയും മനസിലാക്കുന്ന, കരുത്തനായ വ്യക്തി ആയിട്ടാകും നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും, ശാന്തി കണ്ടെത്തട്ടെ എന്ന് ആശിക്കുന്നു. ഒരുനാള്‍ വീണ്ടും കാണും വരെ. ഓം ശാന്തി'', എന്നാണ് ഇഷാനിയുടെ വാക്കുകള്‍.






