
തൃശ്ശൂര്‍ : വാടാനപ്പള്ളിയില്‍ ഭക്ഷ്യക്കിറ്റിനെച്ചൊല്ലി ബിജെപി - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്യുന്നു എന്നാരോപിക്കപ്പെട്ട വിഷയത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അന്വേഷണം വേണമോ എന്ന കാര്യത്തില്‍ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് വ്യാപാരി തയ്യാറാക്കിയ കിറ്റുകളാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു. ടി.എന്‍. പ്രതാപന്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും പറഞ്ഞു. നടന്‍ ദേവന്‍ ഗോഡൗണ്‍ ഉടമയെ കാണാന്‍ പോയതാണെന്നും അതിനെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. തോല്‍വി ഭയന്നാണ് പ്രതാപന്‍ ഇത്തരം നാടകമെന്നും പരിഹസിച്ചു.
സതീഷ് എന്ന വ്യക്തിയാണ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തതെന്നാണ് ചാമ്പ്യന്‍സ് ഗോഡൗണ്‍ മാനേജര്‍ സുഭാഷ് പറഞ്ഞത്. കിറ്റുകള്‍ തയ്യാറാക്കി തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും പറഞ്ഞു. വിഷു കിറ്റാണെന്ന വാദവുമായി ബിജെപിയും, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ഉറച്ചുനില്‍ക്കുന്നതോടെ കോടതിയുടെ ഇന്നത്തെ ഇടപെടല്‍ നിര്‍ണ്ണായകമാകും.
പ്രചാരണം തടസ്സപ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. സ്ഥലത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. വാടാനപ്പളളിയില്‍ ബി ജെ പി കിറ്റ് വിതരണം ചെയ്തെന്ന ഇടതു-വലതു മുന്നണികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു. കിറ്റ് ആരോപണത്തില്‍ സത്യമില്ല. പൊലീസ് കേസെടുക്കാത്തത് അതിനാലാണ്. കേസ് എടുപ്പിക്കാന്‍ പറ്റുമെങ്കില്‍ എടുപ്പിക്കൂവെന്നും സുരേഷ്‌ഗോപി പറഞ്ഞു. ലോക്കല്‍ പൊലീസിനോട് ചോദിച്ചാല്‍ സത്യം പുറത്തുവരും. ചില ആളുകളെ ഇല്ലായ്മ ചെയ്യലാണ് നിങ്ങളുടെ ലക്ഷ്യം. തന്നെ കുറെനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേയെന്നും സുരേഷ്‌ഗോപി ചോദിച്ചു.






