
ദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും ഡോ. എസ്. ജയശങ്കറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയായത്. തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല മറിച്ച് സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
അന്താരാഷ്ട്രസമുദ്രഅതിർത്തികളിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഉയർന്നുവന്നു.കുടിവെള്ളം, ഭക്ഷണം, ഊർജം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ആക്രമിക്കുന്നത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങൾ വിവേകത്തോടെ പ്രവർത്തിക്കണമെന്ന്ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ആഗോള ഊർജ വിപണിയുടെ സ്ഥിരതയ്ക്കും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുമായുള്ള ഏകോപനം ശക്തമാക്കാൻ ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചു.
ഷഫീക്ക് അറയ്ക്കൽ






