
ബെംഗളൂരു: ബിയര്‍കുപ്പികൊണ്ടുളള ആക്രമണത്തില്‍ കന്നഡ നടന്‍ നിരഞ്ജന് ( 33) പരിക്കേറ്റു. ബെംഗളൂരു ഉത്തരഹളളി റോഡിലുളള മദ്യശാലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞമാസം 28-നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
മദ്യശാലയിലെത്തിയ നിരഞ്ജനെ ഒരാള്‍ കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയുമായിരുന്നു. ഇതേപ്പറ്റി നിരഞ്ജന്‍ ബാറുടമയോട് പരാതിപറഞ്ഞു. ഇതോടെ കാറിലെത്തിയ നാലുപേര്‍ നിരഞ്ജനുമായി വാക്കേറ്റത്തിനുമുതിര്‍ന്നു. ഇവരില്‍ രണ്ടുപേര്‍ ഇതിനിടെ, ബിയര്‍കുപ്പികൊണ്ട് നിരഞ്ജനെ അടിച്ചു. തലയില്‍ മുറിവുപറ്റി രക്തമൊഴുകി. തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സ തേടി.
സുബ്രഹ്മണ്യപുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരോട് പോലീസിനു മുന്‍പില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസുനല്‍കി. ആക്രമണത്തിനിടെ തന്റെ വാച്ച് നഷ്ടമായതായും നിരഞ്ജന്‍ പരാതിയില്‍ പറഞ്ഞു.






