
നമ്മള് നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും കുട്ടികളെ ഭയപ്പെടുത്തുകയോ അതിശയിപ്പിക്കുകയോ ചെയ്തേക്കാം. കാരണം കുട്ടികള്‍ ഓരോ കാര്യങ്ങളും വളരെ പതിയെയാണ് പഠിച്ചെടുക്കുന്നത്. ഇതിന് ഉദാഹരണമാണ് ഈ വീഡിയോ. സ്വന്തം നിഴല്‍ കണ്ട് അത്ഭുതപ്പെടുകയും അതിനോട് കലഹിക്കുകയും ചെയ്യുന്ന ഒരു കുരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
ഉച്ചവെയിലില്‍ തന്നെ പിന്തുടരുന്ന നിഴലിനെ ഓടിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ് ഈ കുട്ടി. ഇടയ്ക്കിടയ്ക്ക് നിഴലിനോട് ആരാണെന്ന് ചോദിക്കുകയും തന്നെ പിന്തുടരുന്നതിന് വഴക്കുപറയുകയും ചെയ്യുന്നുണ്ട്. ഉത്തരം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ നിഴലിനെ അടിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ ഭാവങ്ങള്‍ വെള്ളത്തില്‍ സ്വന്തം രൂപം കണ്ട് സിംഹം കിണറ്റിലേക്ക് ചാടിയ കഥയെ ഓര്‍മ്മിപ്പിക്കുന്നു.
സൈറാഹാഫിസ് എന്ന അക്കൗണ്ടില്‍ നിന്നുമാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'നിഴലാണെങ്കിലെന്താ വാ തുറന്ന് പറയാന്‍ പാടില്ലേ', 'അവസാനമായിട്ട് പറയുവാ എന്റെ പിന്നാലെ വരണ്ട' തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്.






