
തൃശൂര്‍ : ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോഷി വില്ലടം നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.
ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. ഹര്‍ജിക്ക് മതിയായ നിയമസാധുതയില്ലെന്ന സുരേഷ് ഗോപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ജോഷി വില്ലടം സമര്‍പ്പിച്ച പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി.
ജോഷി വില്ലടത്തിന്റെ ഹര്‍ജി തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടി സുരേഷ് ഗോപി എന്ന മറ്റൊരു നിയമപോരാട്ടം ഹൈക്കോടതിയില്‍ തുടരുകയാണ്. തൃശൂര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ് കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ ഈ കേസില്‍ വരും ദിവസങ്ങളില്‍ വിശദമായ വാദം നടക്കും. പുതിയ കോടതിവിധി സുരേഷ് ഗോപിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്.





