
ട്രയംഫ് അടുത്തിടെ വിദേശ വിപണികളില്‍ അവതരിപ്പിച്ച സ്പീഡ് ട്രാക്കര്‍ 400 ഇന്ത്യയിലും പുറത്തിറക്കിയിരിക്കുകയാണ്. ഫ്‌ലാറ്റ്-ട്രാക്ക് റേസിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണികഴിപ്പിച്ചിരിക്കുന്ന പുതിയ ട്രാക്കര്‍ 400 പതിപ്പിന് 2,46,225 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരുന്നത്. ട്രയംഫിന്റെ പുത്തന്‍ മോട്ടോര്‍സൈക്കിള്‍ ഒരു 350 സിസി 350 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
8750 ആര്‍പിഎമ്മില്‍ 39.4 bhp കരുത്തും 7500 ആര്‍പിഎമ്മില്‍ 32 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ട്രയംഫിന്റെ പുതിയ TR-സീരീസ് 350 സിസി എഞ്ചിന്‍ ഉപയോഗിക്കുന്ന ട്രാക്കര്‍ 400 മോട്ടോര്‍സൈക്കിളിന് സാധിക്കുന്നതാണ്. 400 സിസി എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവര്‍ കണക്കുകളില്‍ 2 bhp, 5.5 Nm ടോര്‍ക്ക് എന്നിവയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതിനുശേഷം ട്രയംഫ് തങ്ങളുടെ 400 സിസി എഞ്ചിന്റെ ശേഷി 350 സിസിയില്‍ താഴെയാക്കാന്‍ ശ്രമിച്ചു വരികയാണ്. 350 സിസിക്ക് മുകളിലുള്ള എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ജിഎസ്ടി 40 ശതമാനവും 350 സിസിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 18 ശതമാനവും നികുതി ചുമത്തിയിരിക്കുന്ന കാരണമാണ് നികുതിയിളവ് തേടാന്‍ ഇത്തരത്തിലൊരു നീക്കം നടത്താന്‍ ട്രയംഫ് നിര്‍ബന്ധിതരായത്.
അമേരിക്കന്‍ ഡേര്‍ട്ട് ട്രാക്ക് റേസിംഗില്‍ സാധാരണയായി ഉപയോഗിക്കുന്ന ഫ്‌ലാറ്റ്-ട്രാക്ക് റേസിംഗ് ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. ഫ്‌ലാറ്റും എന്നാല്‍ നീളമേറിയതുമായ സീറ്റ്, സ്ലിമ്മായിട്ടുള്ള ഫ്യുവല്‍ ടാങ്ക്, ഫ്‌ലാറ്റ്-ട്രാക്കര്‍ നിലപാട് നല്‍കുന്ന സ്റ്റബ്ബി ടെയില്‍ സെക്ഷന്‍ എന്നിവയാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകള്‍. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ട്രാക്കര്‍-സ്‌റ്റൈല്‍ സൈഡ് പാനലുകള്‍, സീറ്റ് കൗള്‍, മിനിമല്‍ ബോഡി വര്‍ക്ക് എന്നിവയാണ് ട്രാക്കറിന്റെ റെട്രോ ആകര്‍ഷണത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ ട്രാക്കര്‍ 400 പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ സസ്‌പെന്‍ഷനായി മുന്നില്‍ അപ്സൈഡ്-ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ്-ചാര്‍ജ്ഡ് മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാല്‍ ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കിംഗാണ് ട്രാക്കര്‍ 400 ഉപയോഗിക്കുന്നത്. റോഡ്-ബയസ്ഡ് നോബി-സ്‌റ്റൈല്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ നിരത്തിലേക്ക് എത്തുന്നത്. ടോര്‍ക്ക്-അസിസ്റ്റ് ക്ലച്ച്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം എന്നിവയും മോട്ടോര്‍സൈക്കിളിന്റെ മാറ്റ് കൂട്ടുവാനായി കൊടുത്തിട്ടുണ്ട്. റേസിംഗ് യെല്ലോ, ഫാന്റം ബ്ലാക്ക്, അലുമിനിയം സില്‍വര്‍ ഗ്ലോസ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ട്രാക്കര്‍ 400 വാഗ്ദാനം ചെയ്യുന്നത്.






