
ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്. ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന മോഡലുകള്‍ക്ക് പുറമെ വേരിയന്റുകളെയും എഞ്ചിനുകളേയും ആശ്രയിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടുകയും ചെയ്യും.
ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈറൈഡര്‍, ഗ്ലാന്‍സ, ടൈസര്‍, ഹൈലക്‌സ്, ലാന്‍ഡ് ക്രൂയിസര്‍ 300 തുടങ്ങിയ ജനപ്രിയ മോഡലുകളെയാണ് വില വര്‍ധനവ് ബാധിച്ചിരിക്കുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് 5,000 രൂപ മുതല്‍ 2.16 ലക്ഷം രൂപ വരെയാണ് വില വര്‍ധനവ് സംഭവിച്ചിരിക്കുന്നതെന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ശതമാനം തിരിച്ചുള്ള വില വര്‍ധന നോക്കുകയാണെങ്കില്‍ ടൊയോട്ട കാറുകള്‍ക്ക് 0.1 ശതമാനം മുതല്‍ 2 ശതമാനം വരെയാണ് നടപ്പിലാക്കിയിരിക്കുന്നത്. മിക്ക മോഡലുകള്‍ക്കും ഏകദേശം 1.75 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫോര്‍ച്യൂണറിന്റെ എല്ലാ വേരിയന്റുകളിലും 69,000 രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതായത് മുമ്പത്തെ വിലയേക്കാള്‍ 1.75 ശതമാനം ഇനി അധികം മുടക്കേണ്ടതായി വരുമെന്ന് സാരം. ഇന്നോവ ക്രിസ്റ്റയുടെ വിലയില്‍ എല്ലാ വേരിയന്റുകളിലും 39,000 രൂപ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
എംപിവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് (SHEV) വേരിയന്റുകള്‍ക്ക് 54,000 രൂപ (1.75%) വില കൂടിയപ്പോള്‍, പെട്രോള്‍ വേരിയന്റുകള്‍ക്ക് 39,000 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് 5,000 രൂപയുടെ നേരിയ വിലക്കയറ്റമാണ് നടപ്പിലാക്കിയിരിക്കുന്നത്. G, V ട്രിമ്മുകളിലെ നിയോ ഡ്രൈവ്, S, G ട്രിമ്മുകളിലെ സ്‌ട്രോംഗ് ഹൈബ്രിഡ് എന്നിവയ്ക്ക് 0.1 ശതമാനത്തിന്റെ നേരിയ നവീകരണമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ടൊയോട്ട ഗ്ലാന്‍സ V എഎംടി വേരിയന്റിന് 20,000 രൂപ വര്‍ധിച്ചിട്ടുണ്ട്. അതായത് 0.2 ശതമാനം വര്‍ധനവാണ് അധികമായി സംഭവിച്ചിരിക്കുന്നത്. അതേസമയം ടൊയോട്ട ടൈസര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് 22,000 രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഹൈലക്‌സിന് എല്ലാ വേരിയന്റുകളിലും 56,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. ലാന്‍ഡ് ക്രൂയിസര്‍ 300 ZX വേരിയന്റിന് 2.16 ലക്ഷം രൂപയുടെ ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണ് ടൊയോട്ട നടപ്പിലാക്കിയിരിക്കുന്നത്.






