
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശം നല്കുന്ന ഇതിഹാസ കാവ്യമാണ് രാമായണം. ഈ ബൃഹത്കാവ്യത്തിലെ ഓരോ ഭാഗങ്ങളും കഥാപാത്രങ്ങളും മനുഷ്യമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. അതുകൊണ്ട് ചലച്ചിത്രമായി ഇതൊരുങ്ങുവെന്നത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്.
ഇപ്പോഴിതാ ഈ ഇതിഹാസകാവ്യം മലയാളത്തിൽ ഒരുങ്ങിയിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് കാണിക്കുകയാണ് ഒരു എഐ വീഡിയോ. മലയാള സിനിമാതാരങ്ങള്‍ രാമായണത്തിലെ കഥാപാത്രങ്ങളാകുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. മോളിവുഡ് താരങ്ങളെ കഥാപാത്രങ്ങളാക്കി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ രാമായണ വീഡിയോയാണിത്.
ശ്രീരാമനായി ദുൽഖർ സൽമാന്റെ ശാന്തസുന്ദരമായ ലുക്കാണ് വീഡിയോയുടെ പ്രധാന ആകർഷണം. അനുജൻ ലക്ഷ്മണനായി ടോവിനോ തോമസും സീതാദേവിയായി ഗംഭീര ലുക്കിൽ ഐശ്വര്യ ലക്ഷ്മിയും എത്തുന്നത് വീഡിയോയില്‍ കാണാം. അടുത്തതായി സ്ക്രീനില്‍ തെളിയുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ്. ദശരഥ മഹാരാജാവായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. പരമശിവനായി നിവിന്‍ പോളിയും ഹനുമാനായി ഉണ്ണി മുകുന്ദനും പിന്നാലെയെത്തുന്നുണ്ട്. വാത്മീകി മഹര്ഷിയാകുന്നത് ലാലാണ്.
പക്ഷേ ഏറ്റവുമധികം ആരാധകര്‍ ഏറ്റെടുക്കുന്നത് രാവണന്റെ മാസ് എന്‍ട്രിയാണ്. പത്തുതലയുള്ള ലങ്കാധിപതിയുടെ ഗംഭീരവും ക്രൗര്യവുമുള്ള ഭാവത്തില്‍ എത്തിയത് പൃഥ്വിരാജാണ്. രാവണനായി പൃഥ്വിയെത്തുമ്പോള്‍ മറ്റെല്ലാവരും അതില്‍ വീണു പോകുന്നുണ്ട്. നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. ‘പൃഥ്വി തൂക്കി, രാവണൻ കൊണ്ടുപോയി, മാസ് എന്‍ട്രി രാവണന്റേത് തന്നെ...’ എന്നതടക്കമാണ് കമന്റുകള്‍.
സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ എഐ വീഡിയോകളിലൂടെ ശ്രദ്ധേയനായ ‘ഫറോസ് എന്‍വി’ ആണ് മോളിവുഡിന്റെ രാമായണത്തിന് പിന്നിലുള്ളത്. ബോളിവുഡ് രാമായണത്തിന്റെ വിഎഫ്എക്സിനെക്കുറിച്ചും ബഡ്ജറ്റിനെക്കുറിച്ചും വലിയ ചര്‍ച്ചകളും ട്രോളുകളും നിറയുന്നതിനിടയില്‍ മലയാളത്തിലെ താരനിരയെ അണിനിരത്തിയുള്ള ഈ എഐ ഭാവനാസൃഷ്ടി ആരാധകരുടെ മനസ്സ് കവര്‍ന്നെടുക്കുന്നുണ്ട്.






