
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അഭിനയ വിസ്മയത്തെക്കുറിച്ച് ലോകപ്രശസ്തരായ പലരും വാക്കുകള്‍ക്കതീതമായി സംസാരിച്ചിട്ടുണ്ട്. സംഭാഷണങ്ങളേക്കാള്‍ മോഹന്‍ലാലിന്റെ അംഗവിക്ഷേപങ്ങളും കണ്ണുകളുമാണ് അഭിനയിക്കാറുള്ളതെന്നും ആ വിസ്മയം നല്‍കുന്ന അത്ഭുതം മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്നും പല സഹപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. പോസിറ്റീവ് ഓറയുടെ അഭിനേതാവാണ് മോഹന്‍ലാലെന്നും ഒപ്പമഭിനയിക്കുന്നവര്‍ ആ മാസ്മരിക ലോകത്ത് എത്തുമ്പോള്‍ അറിയാതെ അഭിനയിച്ചു പോകുമെന്ന് പറഞ്ഞവരും കുറവല്ല.
ഇപ്പോഴിതാ ഒരു ഇൻസ്റ്റഗ്രാം പേജിൽ മോഹൻലാലിനെക്കുറിച്ച് വന്ന പോസ്റ്റിന് തെന്നിന്ത്യന്‍-ബോളിവുഡ് താരം തബു നൽകിയ കമന്റാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘വാനപ്രസ്ഥം’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾക്കൊപ്പം സിനിമയുടെ സ്വിസ് ഛായാഗ്രാഹകൻ റിനാറ്റോ ബെർത്ത മുൻപ് നടത്തിയ ഒരു നിരീക്ഷണം ‘ഫിലിം ചിക്കോ’ എന്ന പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
‘‘ഭൂമിശാസ്ത്രപരമായി ശരിയായ ഇടത്താണ് ജനിച്ചിരുന്നതെങ്കിൽ മോഹൻലാലിന് ഒരു ഓസ്കർ ലഭിച്ചേനെ, അദ്ദേഹം ജനിച്ചത് തെറ്റായ സ്ഥലത്താണ്...’’ എന്നായിരുന്നു ബെർത്തയുടെ ആ പഴയ വാക്കുകൾ.
ഇതിനോട് നൂറുശതമാനം യോജിക്കുന്നുവെന്നാണ് തബു കമന്റിട്ടത്. കൈയടികളുടെ ഇമോജികളാണ് പോസ്റ്റിന് താഴെയാണ് തബു കമന്റ് ചെയ്തത്. തബുവിന്റെ കമന്റിന് പിന്നാലെ ശ്വേത മേനോനും സല്യൂട്ട് കമന്റ് കുറിച്ചിട്ടുണ്ട്. പിന്നാലെ ആരാധകരും ഈ ചർച്ച ഏറ്റെടുത്തു.
‘‘ക്യാമറ ചലിക്കാൻ തുടങ്ങിയ നിമിഷം മുതൽ മോഹൻലാലിന് എത്ര അനായാസമായി കഥാപാത്രമായി മാറാനും സങ്കീർണ്ണവും വൈകാരികവുമായ സൂക്ഷ്മതകൾ ഉൾക്കൊള്ളാനും കഴിയുന്നത് കണ്ട് ഛായാഗ്രാഹകൻ റെനാറ്റോ ബെർട്ട അത്ഭുതപ്പെട്ടു.
സങ്കീർണ്ണമായ കഥകളി രംഗങ്ങൾ ഒരു പ്രൊഫഷണലിന്റെ കൃത്യതയോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ട് അണിയറപ്രവർത്തകർ അത്ഭുതപ്പെട്ടു.
ചിത്രീകരണ വേളയിൽ ബെർട്ട വളരെയധികം വികാരഭരിതനായി, കണ്ണുനീർ തുടയ്ക്കുന്നത് കണ്ടതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.... മോഹൻലാൽ പിന്നീട് പ്രശംസയ്ക്ക് മറുപടി നൽകി, താൻ ശരിയായ സ്ഥലത്താണ് ജനിച്ചതെന്ന് പറഞ്ഞു, തന്റെ വേരുകൾ തനിക്ക് അത്തരം ആഴത്തിലുള്ള കലാപരമായ അവസരങ്ങൾ അനുഭവിക്കാൻ അനുവദിച്ചുവെന്ന് പറഞ്ഞു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
രസകരമായ പല നിരീക്ഷണങ്ങളും കമന്റുകളും ഈ പോസ്റ്റിനു താഴെയായി നിറയുന്നുണ്ട്. ‘ലാലേട്ടനല്ല, ഓസ്കറാണ് തെറ്റായ സ്ഥലത്ത് ജനിച്ചത്, പാശ്ചാത്യ ലോകത്തിന് മാത്രമാണ് ഓസ്കർ വലുതെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രതിഭകളെ അളക്കാൻ ആ പുരസ്കാരം മതിയാകില്ല...’ എന്നതടക്കടമാണ് കമന്റുകള്‍.
സഹപ്രവര്‍ത്തക എന്നൊരു ബന്ധം കൂടി തബുവിന് മോഹന്‍ലാലിനോടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ‘കാലാപാനി’യിൽ മോഹൻലാലിന്റെ നായികയായി തബു അഭിനയിച്ചിരുന്നു. ഡോ. ഗോവർദ്ധൻ മേനോനും പാർവതിക്കുട്ടിയുമായി ഇരുവരും സ്ക്രീനിൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളി മനസ്സില്‍ ചേര്‍ത്തു വയ്ക്കുന്നതാണ്. ലാലേട്ടന്റെ പ്രതിഭയെ അടുത്തറിഞ്ഞ സഹപ്രവർത്തക കൂടിയായ തബുവിന്റെ ഈ പിന്തുണ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കഥകളി നടൻ കുഞ്ഞിക്കുട്ടനായി മോഹൻലാൽ വിസ്മയിപ്പിച്ച ‘വാനപ്രസ്ഥം’ മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്തത് ആരാധകര്‍ ആഘോഷിച്ചതാണ്.






