
മൂന്ന് പതിറ്റാണ്ടായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് മഞ്ജു പിള്ള. ഹാസ്യ വേഷങ്ങൾ മുതൽ ക്യാരക്ടർ റോളുകൾ വരെ വളരെ തന്മയത്വത്തോടെ ചെയ്യാറുള്ള താരം അടുത്തിടെയായി പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് അമ്മ കഥാപാത്രങ്ങളിലുടെയും കൈയടി നേടുന്നുണ്ട്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ് താരം. മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഒരു നടിയായി താരം മാറിക്കഴിഞ്ഞിരിക്കുകയാണ്.
മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകള്‍ എന്നതിലുപരി ഫാഷൻ ഡിസൈനിങ്, സ്റ്റൈലിങ്, പെയിന്റിങ് എന്നിവയിലുടെയും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദയ സുജിത്ത്. ഇറ്റലിയില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ദയ, തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. തന്നെ അപമാനിക്കുന്നവർക്കും ബോഡി ഷെയ്‌മിങ്ങ് നടത്തുന്നവര്‍ക്കും ചുട്ട മറുപടി നല്‍കിയും രസകരമായ റീലുകൾ പങ്കുവെച്ചും ദയ സുജിത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ ദയ പങ്കിട്ട ഏറ്റവും പുതിയ റീലാണ് ശ്രദ്ധ നേടുന്നത്. തന്നെ അലോസരപ്പെടുത്തിയ ഒരാളെക്കുറിച്ചാണ് ദയയുടെ പുത്തന്‍ റീൽ.
‘‘ഒരാളുടെ പെരുമാറ്റം കാരണം അവരുടെ മുഖത്തടിക്കണമെന്നുണ്ട്. പക്ഷെ മാതാപിതാക്കൾ പ്രശസ്തരാണ്. അതിനാൽ മാധ്യമങ്ങൾ എന്നെ
കുറ്റപ്പെടുത്തും...’’ എന്നാണ് റീലില്‍ ദയ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് അമ്മയായ മഞ്ജു പിള്ള നല്‍കിയ മറുപടി കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘‘നീ തല്ലിയിട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം. സ്വഭാവം മോശമാണെങ്കിൽ സെലിബ്രിറ്റി സ്റ്റാറ്റ്സ് നോക്കേണ്ട...’’ എന്നാണ് മഞ്ജു പിള്ള കുറിച്ചത്. നിരവധി പേർ ഈ കമന്റിനോട് അനുകൂലിക്കുന്നുണ്ട്. തന്റെ ബെസ്റ്റ്ഫ്രണ്ട് മകള്‍ ദയയാണെന്ന് പലപ്പോഴും മഞ്ജുപിള്ള തുറന്നു പറഞ്ഞിട്ടുണ്ട്. മകളുടെ റീല്‍സും അമ്മയുടെ കമന്റും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഹേറ്റ് കമന്റുകളും ബോഡി ഷെയ്മിംഗും ദയ സുജിത്തിന് നേരിടേണ്ടി വരാറുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചിട്ടുണ്ട്. മകൾ ഒരുങ്ങി ഫോട്ടോയിട്ടപ്പോൾ വന്ന കമന്റ് മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല എന്നാണ്. ‘‘എന്തൊരു വിവരമില്ലായ്മയാണ്. ആ പറയുന്നത് അവളേക്കാൾ വേദനിപ്പിക എന്നെയല്ലേ. എന്നെയോ എന്റെ പ്രൊഫഷനെയോ പറഞ്ഞോ. എനിക്കൊരു പുല്ലുമില്ല. പക്ഷെ കുടുംബത്ത് കയറി കളിച്ചാൽ, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ എല്ലാത്തിനെയും പൂട്ടും...’’ എന്നായിരുന്നു മഞ്ജു പിള്ള പറഞ്ഞത്.
24 വർഷം നീണ്ട വിവാഹജീവിതത്തിനു ശേഷം 2024 ലാണ് മഞ്ജു പിള്ളയും സിനിമാട്ടോഗ്രാഫർ സുജിത്ത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞത്. കുറച്ച് വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് സുജിത്ത് വാസുദേവാണ് ഒരു അഭിമുഖത്തിൽ ആദ്യം തുറന്ന് പറഞ്ഞത്. മകൾ ദയ സുജിത്ത് മാതാപിതാക്കളുടെ തീരുമാനത്തെ ഉൾക്കൊണ്ട് ഒപ്പം നില്‍ക്കുക മാത്രമല്ല ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്ന് ഇവരെ ഉപദേശിക്കുകയും ചെയ്തു.
ബന്ധം പിരിഞ്ഞെങ്കിലും തന്റെ മകളുടെ അച്ഛനായ സുജിത്തിനോട് ഇപ്പോഴും മഞ്ജു പിള്ളയ്ക്ക് സൗഹൃദമുണ്ട്. മകളുടെ കാര്യത്തിൽ താൻ വളരെ ഇമോഷണലാണെന്ന് മഞ്ജു പിള്ള എപ്പോഴും പറയാറുണ്ട്. മകൾ ജനിച്ച ശേഷം സിനിമാ രംഗത്ത് നിന്നും മാറി നിന്ന മഞ്ജു പിള്ള ഇന്ന് തുടരെത്തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. ശ്രദ്ധേയ റോളുകളിലൂടെ താരം പ്രശംസയും നേടിയെടുക്കുന്നുണ്ട്.






