
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഹൃദ്യമായ ബന്ധം വെളിപ്പെടുത്തുന്ന മനോഹരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കുരങ്ങനോടുള്ള ഒരമ്മയുടെ സ്നേഹവും കരുതലുമാണ് കാണികളുടെ ഹൃദയം കീഴടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോയുടെ തുടക്കത്തില്‍ ഭക്ഷണമാണെന്നു കരുതി ഒരു കുരങ്ങന് സോപ്പ് കടിച്ചു തിന്നാന്‍ ശ്രമിക്കുന്നത് കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു സ്ത്രീ ഉടന്‍ തന്നെ കുരങ്ങനെ വഴക്കുപറഞ്ഞുകൊണ്ട് അവിടേക്ക് എത്തുകയായിരുന്നു. സ്വന്തം കുട്ടികളോടെന്നപോലെ സ്നേഹത്തോടെയും ഗൗരവത്തിലുമാണ് അവര്‍ കുരങ്ങനോട് സംസാരിക്കുന്നത്. സോപ്പ് തിന്നരുതെന്ന് ഉപദേശിച്ചുകൊണ്ട് അവര്‍ അതിന് കഴിക്കാനായി ഒരു ഉരുളക്കിഴങ്ങും നല്കുന്നു.
സോപ്പ് ഉപേക്ഷിച്ച് ഉരുളക്കിഴങ്ങ് വാങ്ങാന്‍ അവര്‍ കുരങ്ങനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഒടുവില്‍ ആ അമ്മയുടെ വാക്ക് കേട്ട കുരങ്ങന് സോപ്പ് കളഞ്ഞ് ഉരുളക്കിഴങ്ങുമായി അവിടെനിന്നും മടങ്ങിപ്പോയി. 'അമ്മ എപ്പോഴും അമ്മ തന്നെ' എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ കരുതലില്‍ മൃഗമെന്നോ മനുഷ്യനെന്നോ വേര്‍തിരിവില്ലെന്ന് ഈ ദൃശ്യം ഓര്‍മ്മിപ്പിക്കുന്നു.
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'അമ്മമാര്‍ക്ക് കുരങ്ങന്മാരെ കൈകാര്യം ചെയ്ത് നല്ല ശീലമുണ്ട്' എന്നായിരുന്നു ഒരാളുടെ രസകരമായ പ്രതികരണം. അമ്മയുടെ ശകാരത്തില്‍ നിന്നും കുരങ്ങന് പോലും രക്ഷയില്ല എന്ന് പലരും തമാശരൂപേണ കുറിച്ചു. തന്റെ വീട്ടിലെ അവസ്ഥയും ഇതുതന്നെയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍, വളരെ വൈകാരികമായ ദൃശ്യമാണിതെന്ന് ഭൂരിഭാഗം പേരും സാക്ഷ്യപ്പെടുത്തി.






