രക്തരൂഷിതമായ ആഴ്ചകള്‍ക്ക് ശേഷം അമേരിക്കയും ഇറാനും പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ലോകത്തിന് നല്‍കിയത് ആശ്വാസമല്ല, മറിച്ച് കടുത്ത ആശങ്കയാണ്. പാകിസ്താന്റെ മധ്യസ്ഥതയില്‍ രൂപപ്പെട്ട ധാരണയുടെ മഷി ഉണങ്ങും മുന്‍പേ ലബനനില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ബോംബാക്രമണം ഈ സമാധാന ശ്രമങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച് അമേരിക്കയും ഇറാനും ഇസ്രയേലും നല്കുന്ന വിരുദ്ധമായ വിശദീകരണങ്ങള്‍, പശ്ചിമേഷ്യയെ ഗ്രസിച്ചിരിക്കുന്ന യുദ്ധജ്വാല അണയുകയല്ല, മറിച്ച് ആളിപ്പടരാന്‍ കൂടുതല്‍ ഇന്ധനം തേടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ബോംബാക്രമണം നിര്‍ത്തിവയ്ക്കല്‍ എന്ന തീരുമാനത്തിനു പിന്നില്‍ മാനുഷികമായ താല്പര്യങ്ങളേക്കാള് രാഷ്ട്രീയവും തന്ത്രപരവുമായ സമ്മര്‍ദങ്ങളാണെന്ന് വ്യക്തം. ഇറാന്റെ പത്തിന നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് അടിസ്ഥാനമാക്കാമെന്ന അമേരിക്കയുടെ സമ്മതം ഒരു വശത്തു നില്ക്കുമ്പോള് തന്നെ, അത് ലബനന് ബാധകമെല്ലന്ന ഇസ്രയേലിന്റെ നിലപാട് കരാറിലെ വലിയൊരു വിള്ളലാണ്. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുന്നൂറിലധികം ജീവനുകള്‍ പൊലിഞ്ഞത് സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഒരു ഭാഗത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മറുഭാഗത്ത് ഇസ്രയേലിനെ ആക്രമണത്തിന് കയറൂരി വിടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഈ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കില്ല.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് ഈ യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ കണ്ണി. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാത തുറക്കുമെന്ന ഇറാന്റെ പ്രഖ്യാപനം ആഗോള വിപണിക്ക് നല്കിയ ആശ്വാസം മണിക്കൂറുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇസ്രയേലിന്റെ കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ച് ഇറാന് വീണ്ടും പാത അടച്ചത് ആഗോള ഊര്‍ജ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കും. ഇറാനുമേലുള്ള ഉപരോധങ്ങള്‍ നീക്കണമെന്നും സൈനിക പിന്മാറ്റം വേണമെന്നുമുള്ള ഇറാന്റെ ആവശ്യങ്ങളും, ഇറാന് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന അമേരിക്കയുടെ നിര്‍ബന്ധവും തമ്മിലുള്ള അന്തരം നികത്തുക എന്നത് ഇന്ന് ഇസ്ലാമാബാദില് നടക്കാനിരിക്കുന്ന ചര്‍ച്ചകളുടെ പ്രധാന വെല്ലുവിളിയാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ശ്രദ്ധേയമാണ്. യു.എസ്.-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണോത്സുകതയോട് വിയോജിപ്പ് പ്രകടിപ്പിച്ച സ്പെയിന് പോലുള്ള രാജ്യങ്ങളുടെ നിലപാട്, രാജ്യാന്തര സമൂഹത്തില്‍ അമേരിക്ക ഒറ്റപ്പെടുന്നു എന്നതിന്റെ സൂചനയാണ്. ഫ്രാന്‍സും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നത് സ്വാഗതാര്‍ഹമാണെങ്കിലും, സുസ്ഥിരമായ ഒരു സമാധാന കരാറിലേക്ക് എത്താന്‍ ഇസ്രയേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് കഴിയേണ്ടതുണ്ട്.
സമാധാനം എന്നത് വെറും വാക്കുകളില്‍ ഒതുങ്ങേണ്ട ഒന്നല്ല. ലബനന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ ഈ രണ്ടാഴ്ചത്തെ കരാര്‍ വിജയിക്കില്ല. ഇറാന്റെ എണ്ണ സംസ്കരണ ശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തിരിച്ചു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മിസൈല്‍ വര്‍ഷങ്ങളും തെളിയിക്കുന്നത് ഒരു വലിയ യുദ്ധത്തിന്റെ മുനമ്പിലാണ് നാം ഇപ്പോഴും നില്‍ക്കുന്നത് എന്നാണ്. ഇസ്ലാമാബാദില് നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ കേവലം സമയം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാകരുത്. മറിച്ച്, തകര്‍ന്നടിഞ്ഞ നഗരങ്ങളെയും നഷ്ടപ്പെട്ട ജീവനുകളെയും മുന്‍നിര്‍ത്തി, തുറന്ന മനസ്സോടെയുള്ള ഒരു രാഷ്ട്രീയ പരിഹാരത്തിനാകണം ലോകശക്തികള്‍ മുന്‍ഗണന നല്‍കേണ്ടത്. അല്ലാത്തപക്ഷം, ഈ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ വരാനിരിക്കുന്ന അതിഭീകരമായ മറ്റൊരു സ്ഫോടനത്തിന്റെ മുന്‍പുള്ള നിശ്ശബ്ദത മാത്രമായി മാറും.




