ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമേകുന്ന ഹോമിയോപ്പതി ചികിത്സാ ശാസ്‌ത്രത്തിന്റെ സ്‌ഥാപകന്‍ ഡോ. സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. 'സദൃശമായവ സദൃശമായവയെ സുഖപ്പെടുത്തുന്നു' എന്ന ലളിതവും എന്നാല്‍, അര്‍ഥവത്തുമായ തത്വത്തിലൂന്നി മനുഷ്യശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഉണര്‍ത്തുന്ന രീതിയാണ് ഹോമിയോപ്പതിയുടേത്. രോഗത്തേക്കാള്‍ ഉപരി രോഗിയെ മനസിലാക്കി, ശാരീരികവും മാനസികവുമായ തലങ്ങളെ കോര്‍ത്തിണക്കിയുള്ള ഈ ചികിത്സാരീതി ആധുനിക ലോകത്തും വലിയ പ്രസക്‌തി അര്‍ഹിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും ലളിതവുമായ ഈ ചികിത്സാ ശാസ്‌ത്രത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ഈ ദിനം കടന്നുവരുന്നത്.
സമഗ്ര പൊതുജനാരോഗ്യത്തിനും സമൂഹക്ഷേമത്തിനുമായി ഹോമിയോപ്പതി എന്നതാണ് ഇന്‍സ്‌റ്റിട്യൂഷന്‍ ഓഫ് ഹോമിയോപത്‌സ് (ഐ.എച്ച്.കെ.) കേരളയുടെ ഈ വര്‍ഷത്തെ ഹോമിയോപ്പതി ദിന പ്രമേയം.
സമഗ്ര പൊതുജനാരോഗ്യം എന്ന ആശയം ആരോഗ്യം രോഗനാമങ്ങളില്‍ മാത്രം ഒതുങ്ങുന്നതെല്ലന്ന് ഓര്‍മിപ്പിക്കുന്നു. ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍, ആവര്‍ത്തിച്ചു വരുന്ന അസ്വസ്‌ഥതകള്‍, ഉറക്കത്തിലെ വ്യത്യാസങ്ങള്‍, ഭക്ഷണരീതിയിലെ മാറ്റങ്ങള്‍, ഊര്‍ജക്കുറവ്, പൊതുവായ അസന്തുലിതാവസ്‌ഥകള്‍, ഇവയെല്ലാം ആരോഗ്യത്തിന്റെ ഭാഗമാണ്. ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ട് എങ്ങനെ അനുഭവപ്പെടുന്നു, അത് എപ്പോഴാണ് കൂടുന്നത്, എന്താണ് കുറയ്‌ക്കുന്നത്, ശരീരവും മനസും അതിന് എങ്ങനെ പ്രതികരിക്കുന്നു, ഈ മുഴുവന്‍ ചിത്രത്തെയാണ് ഹോമിയോപ്പതി ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നത്.
അതാണ് ഹോമിയോപ്പതിയുടെ പ്രധാന സവിശേഷത. ഇത് രോഗത്തിന്റെ പേരു മാത്രം കാണുന്നില്ല;ആ പ്രശ്‌നം ഒരു വ്യക്‌തിയില്‍ എങ്ങനെ പ്രകടമാകുന്നു എന്നതിനെയും നോക്കുന്നു. അതുകൊണ്ടാണ് ഒരേപോലെ തോന്നുന്ന പ്രശ്‌നമുള്ള രണ്ടുപേര്‍ക്കും ഒരേ മരുന്ന് ആവണമെന്നില്ലാത്തത്. പുറത്തുനിന്ന് ഒരേ അസ്വസ്‌ഥതയായി തോന്നുന്ന കാര്യം, രണ്ടുപേരില്‍ രണ്ടുവിധം പ്രകടമാകാം. ആ വ്യത്യാസങ്ങളെയാണ് ഹോമിയോപ്പതി ഗൗരവത്തോടെ കാണുന്നത്.
ഇതുകൊണ്ടാണ് രോഗിയെ കാണുന്ന സമയത്ത് ഉറക്കം, ദാഹം, വിയര്‍പ്പ്, ചൂട് - തണുപ്പ് എന്നിവയോടുള്ള സഹിഷ്‌ണുത, ഭക്ഷണ ഇഷ്‌ടങ്ങള്‍, ഏത് സമയത്താണ് ബുദ്ധിമുട്ട് കൂടുന്നത്, മനസിന്റെ പ്രതികരണം തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കപ്പെടുന്നത്. ഇവ വെറുതെയുള്ള ചോദ്യങ്ങള്‍ അല്ല. വ്യക്‌തിയുടെ ലക്ഷണരൂപം തിരിച്ചറിയാന്‍ വേണ്ടിയുള്ള വഴികാട്ടികളാണ്. പ്രശ്‌നം മാത്രം കേട്ടാല്‍ ഒരു ഭാഗം മാത്രം മനസിലാകും;ആ പ്രശ്‌നം ഒരാളില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കണ്ടാലേ ചികിത്സ കൂടുതല്‍ വ്യക്‌തത നേടൂ.
സമൂഹക്ഷേമം എന്ന ആശയം ഈ പ്രമേയത്തിന്റെ മറ്റൊരു ശക്‌തിയാണ്. ആരോഗ്യം ഒരാളുടെ മാത്രം കാര്യമല്ല;അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിഷയമാണ്. വീട്ടിലെ ജീവിതശൈലി, കുട്ടികളുടെ ആരോഗ്യശീലങ്ങള്‍, ഉറക്കക്രമം, ഭക്ഷണരീതി, ശരീരത്തിന്റെ ചെറിയ സൂചനകളെ ശ്രദ്ധിക്കുന്ന സ്വഭാവം, ഇവയൊക്കെ സമൂഹത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. സമൂഹക്ഷേമം എന്നത് വലിയ ആശുപത്രികളിലോ കണക്കുകളിലോ മാത്രം നില്‍ക്കുന്ന കാര്യവുമല്ല;ഓരോ വീട്ടിലും തുടങ്ങുന്ന ആരോഗ്യബോധവുമാണ്.
ഈ നിലയില്‍ ഹോമിയോപ്പതിക്ക് ഒരു പ്രധാന ബോധവല്‍ക്കരണ പങ്കുണ്ട്. ശരീരത്തിന്റെ ചെറിയ മാറ്റങ്ങളെ അവഗണിക്കാതെ ശ്രദ്ധിക്കാന്‍ അത് പഠിപ്പിക്കുന്നു. ആവര്‍ത്തിച്ചു വരുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ക്കും ഒരു അര്‍ത്ഥമുണ്ടാകാമെന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. പിന്നീടൊന്നു നോക്കാം എന്ന അവഗണനയ്‌ക്ക് പകരം, ഇത് എന്താണ് പറയുന്നത്? എന്ന ശ്രദ്ധ വളര്‍ത്താന്‍ സഹായിക്കുന്ന സമീപനമാണ് ഹോമിയോപ്പതി. പൊതുജനാരോഗ്യത്തിനും ഇത് വലിയ മൂല്യമുള്ളതാണ്.
ഹോമിയോപ്പതിയെക്കുറിച്ച് സാധാരണ ആളുകള്‍ക്ക് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ ലളിതമാണ്: ഇത് ചെറിയ ഗുളികകളുടെ ചികിത്സ മാത്രമല്ല. പരാതിക്കു പിന്നിലെ വ്യക്‌തിയെ മനസിലാക്കി, അതനുസരിച്ച് മരുന്ന് തെരഞ്ഞെടുക്കുകയും, ശ്രദ്ധയോടെ തുടര്‍നിരീക്ഷണം നടത്തുകയും ചെയ്യുന്ന ഒരു രീതിയാണ്. എല്ലാ ലക്ഷണങ്ങളും ഒരേ പ്രാധാന്യമുള്ളവയല്ല;ചിലത് വ്യക്‌തിയുടെ അവസ്‌ഥയെ കൂടുതല്‍ വ്യക്‌തമായി തുറന്ന് കാണിക്കുന്നവയാണ്. നല്ല ചികിത്സാനിര്‍ണയം അതുകൊണ്ടാണ് ശരിയായ ലക്ഷണങ്ങളെ തിരിച്ചറിയുന്നതില്‍ തുടങ്ങുന്നത്.
ഐ.എച്ച്.കെയുടെ ഈ വര്‍ഷത്തെ പ്രമേയം അതിനാല്‍ വളരെ അര്‍ഥവത്താണ്. ഹോമിയോപ്പതിയുടെ പരിധിയെ മരുന്നിലൊതുക്കാതെ, അതിനെ ആരോഗ്യബോധം, വ്യക്‌തിനിഷ്‌ഠമായ പരിഗണന, പൊതുജനാരോഗ്യം, സമൂഹക്ഷേമം എന്നിവയുമായി ബന്ധിപ്പിച്ചാണ് ഇത് കാണിക്കുന്നത്. ചികിത്സ എന്നത് രോഗം വന്ന ശേഷം മാത്രം തുടങ്ങുന്ന ഒന്നല്ല;ആരോഗ്യത്തെ മുന്‍കൂട്ടി ശ്രദ്ധിക്കുന്ന സംസ്‌കാരവുമാണ്. അതാണ് ഈ പ്രമേയം ശക്‌തമായി പറഞ്ഞുതരുന്നത്.
ഹോമിയോപ്പതിയുടെ സാരം ചെറിയ ഗുളികയില്‍ മാത്രമല്ല. ഒരാളെ മുഴുവനായി കാണാനുള്ള ശ്രദ്ധയില്‍, ആരോഗ്യത്തെ സമഗ്രമായി മനസിലാക്കാനുള്ള സമീപനത്തില്‍, വ്യക്‌തിയില്‍നിന്ന് സമൂഹത്തിലേക്ക് നീളുന്ന ക്ഷേമദൃഷ്‌ടിയില്‍, അവിടെയാണ് അതിന്റെ യഥാര്‍ത്ഥ ശക്‌തി.
ഡോ. അഷ്‌മിന ഹസ്‌ബീ




