
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരയായ ശ്രുതിയ്ക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീടിനായുള്ള അപേക്ഷ മന്ത്രിസഭ തള്ളി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ സിപിഐഎം വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച വിഷയമായിട്ടും മന്ത്രിസഭ ശ്രുതിയുടെ അപേക്ഷ പരിഗണിച്ചില്ല. ശ്രുതിയുടെ അവസ്ഥ പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടും പരിഗണിക്കപ്പെട്ടില്ല.
ഒരു സന്നദ്ധസംഘടന ശ്രുതിക്ക് വീടുവെച്ച് നല്‍കാന്‍ മുമ്പോട്ട് വന്ന സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച രണ്ട് ഓപ്ഷനുകളില്‍ രണ്ടാമത്തേതായ 15 ലക്ഷം രൂപ തിരഞ്ഞെടുക്കാന്‍ ശ്രുതി നിര്‍ബന്ധിതയായിരുന്നു. ഈ തുക വാങ്ങാത്തവര്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് സ്വകാര്യ സംഘടനകള്‍ വീട് നിര്‍മിച്ചുനല്‍കാമെന്ന് ശ്രുതിക്ക് വാഗ്ദാനം നടത്തിയിരുന്നു. എന്നാല്‍, ആ വാഗ്ദാനങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തില്‍, ധനസഹായം തിരിച്ചുനല്‍കാമെന്നും പകരം ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കാനും ആവശ്യപ്പെട്ട് ഡിസംബറില്‍ ശ്രുതി അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
സ്വകാര്യ സംഘടനകളുടെ വീട് സ്വീകരിക്കില്ലെന്ന വ്യവസ്ഥയില്‍ ശ്രുതിക്ക് വീട് അനുവദിക്കാവുന്നതാണെന്നും ചീഫ് സെക്രട്ടറി ജയതിലകും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ധനസഹായം വേണ്ടെന്നു വെച്ച് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് തിരഞ്ഞെടുക്കുന്നത് ഭരണകൂടത്തിന് ലഭിക്കുന്ന അംഗീകാരമായി കാണണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 10-ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയുടെ മാനുഷികമായ ശുപാര്‍ശ തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് നടന്ന യോഗത്തില്‍ നിരവധി ഫയലുകളില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്തപ്പോള്‍, ശ്രുതിയുടെ അപേക്ഷ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ചൂരല്‍മല ദുരന്തത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷികളില്‍ ഒന്നായിരുന്നു ശ്രുതി. മാതാപിതാക്കളെയും സഹോദരിയെയും വീടുമാണ് ശ്രുതിക്ക് ഒറ്റയടിക്ക് നഷ്ടമായത്. ശ്രുതിക്ക് വീട് നല്‍കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം. വയനാട് ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയും ശ്രുതിക്ക് വീട് നല്‍കാത്തതില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.






