
ദളപതി വിജയ്‌യുടെ 33 വര്‍ഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന ചിത്രം ജനനായകന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് കഴിഞ്ഞ ദിവസം സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.
പൈറസി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് കലയ്ക്കും കലാകാരനും നേരെയുളള ആക്രമണമാണ് എന്നും കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു.
'ജനനായകൻ ചോർന്നത് വെറും ഒരു ആക്സിഡന്റ് അല്ല. അത് വ്യവസ്ഥാപിത പരാജയത്തിന്റെ ഫലമാണ്. കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സർട്ടിഫിക്കേഷനിലെ അമിതമായ കാലതാമസം പൈറസിക്ക് വഴിവെച്ചു കൊടുത്തു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സൃഷ്ടികളെയും, സത്യസന്ധരായ നികുതി അടയ്ക്കുന്ന നിർമ്മാതാക്കളുടെയും, പ്രദർശകരുടെയും, തിയേറ്റർ ഉടമകളുടെയും, നമ്മൾ സ്നേഹിക്കുന്ന സിനിമയെ നിലനിർത്തുന്ന എല്ലാവരുടെയും നിക്ഷേപങ്ങളെയും ഇത് അപകടത്തിലാക്കുന്നു.
സിസ്റ്റം പരാജയപ്പെടുമ്പോൾ ആരാണ് സൃഷ്ടാവിനെ സംരക്ഷിക്കുന്നത്?. ഉത്തരവാദിത്തം, വേഗത്തിലുള്ള സർട്ടിഫിക്കേഷൻ, കർശനമായ നടപ്പാക്കൽ, തത്സമയ നീക്കം ചെയ്യലുകൾ എന്നിവ നമുക്ക് ആവശ്യമാണ്. മുൻകാലങ്ങളിൽ നിങ്ങൾ എന്നോടൊപ്പം നിന്നതുപോലെ, യഥാർത്ഥ സിനിമാ പ്രേമികൾ ഒന്നിച്ച് തിയേറ്ററുകളിൽ നിയമപരമായി സിനിമ കാണുന്നതിലൂടെ ഉചിതമായ പ്രതികരണം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു', കമൽ ഹാസന്റെ വാക്കുകൾ.
The leak of #Jananayagan is not an accident - it is the result of systemic failure. Had due process been timely, we would not be here. Inordinate delays in certification created fertile ground for piracy. When legal access is stalled, illegitimate channels take over.
Piracy is…— Kamal Haasan (@ikamalhaasan) April 10, 2026
വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്.
കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. പുതിയ ഒടിടി ഡീലിനായുള്ള ചർച്ചകൾക്കായി ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ.






