
രാജ്യത്തെ പ്രമുഖ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇതിനോടകം സോഷ്യല്‍ മീഡിയയിലുടനീളം ഹൈപ്പുയര്‍ത്തിയ ഫ്‌ലയിംഗ് ഫ്‌ലീ C6 (Royal Enfield Flying Flea C6) മോഡലുമായി എത്തിയിരിയ്ക്കുകയാണ്. ഇവിക്കായുള്ള ബുക്കിംഗുകളും ടെസ്റ്റ് റൈഡുകളും ബെംഗളൂരുവിലെ ജയനഗറിലെ ആദ്യത്തെ സമര്‍പ്പിത ഫ്‌ലീ ഷോറൂമില്‍ ആരംഭിച്ചു. മെയ് അവസാനത്തോടെ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്കിനായുള്ള ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്. 2.79 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ലയിംഗ് ഫ്‌ലീ C6 ഇവിക്കായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്നത്.
അതേസമയം ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) മോഡലിന് കീഴിലാണെങ്കില്‍ വെറും 1.99 ലക്ഷത്തിന് വണ്ടി സ്വന്തമാക്കാനും കഴിയും. ഫ്‌ലൈയിംഗ് ഫ്‌ലീ എന്ന പേര് തന്നെ 1940 കളില്‍ ഉപയോഗിച്ചിരുന്ന എന്‍ഫീല്‍ഡിന്റെ ഒജി ലൈറ്റ്വെയ്റ്റ് മോട്ടോര്‍സൈക്കിളിനായുള്ള ആദരവാണ്. പുതിയ C6 ആ തത്ത്വചിന്തയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു നിയോ-വിന്റേജ് ഡിസൈന്‍ കണക്റ്റഡ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. C6 ഇവിയില്‍ എയര്‍-കൂള്‍ഡ് സജ്ജീകരണം ഉള്‍ക്കൊള്ളുന്ന 3.91 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്.
സെഗ്മെന്റ്-ഫസ്റ്റ് മഗ്‌നീഷ്യം അലോയ് കേസിംഗിലാണ് ബൈക്ക് സ്ഥാപിച്ചിരിക്കുന്നത്. 20.6 bhp പവറില്‍ പരമാവധി 60 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുമായി ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. ടൂ-സ്റ്റേജ് ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം വഴിയാണ് ബാറ്ററി പവര്‍ നല്‍കുന്നത്. അതേസമയം മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഫ്‌ലൈയിംഗ് ഫ്‌ലീ C6 ഇവിക്ക് മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. അതേസമയം വെറും 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് ബൈക്കിന് കഴിയും.
പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ ഐഡിസി റേഞ്ചാണ് ഫ്‌ലയിംഗ് ഫ്‌ലീയില്‍ കമ്പനി അവകാശപ്പെടുന്നത്. ചാര്‍ജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും വാഹനം ശരിക്കും കാര്യക്ഷമമാണെന്ന കാര്യം റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ആംബിയന്റ് സാഹചര്യങ്ങളില്‍ ബാറ്ററി 0 മുതല്‍ 100 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ ഏകദേശം 2 മണിക്കൂര്‍ 16 മിനിറ്റ് സമയം മാത്രം മതിയാവും. അതേസമയം 20 മുതല്‍ 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ ഏകദേശം 65 മിനിറ്റ് മാത്രം മതി. റാപ്പിഡ്, സ്റ്റാന്‍ഡേര്‍ഡ്, ട്രിക്കിള്‍ ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചാര്‍ജിംഗ് മോഡുകള്‍ സിസ്റ്റം പിന്തുണയ്ക്കുന്നുമുണ്ട്. കൂടാതെ ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു യൂണിവേഴ്‌സല്‍ വാള്‍ ഔട്ട്ലെറ്റിലേക്ക് എളുപ്പത്തില്‍ പ്ലഗ് ചെയ്യാനും കഴിയും.
ടച്ച് ഫംഗ്ഷണാലിറ്റിയുള്ള 3.5 ഇഞ്ച് കളര്‍ TFT ഡിസ്പ്ലേ, USB-C ചാര്‍ജിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഇലക്ട്രോണിക് ഹാന്‍ഡില്‍ബാര്‍ ലോക്ക് എന്നിവയാണ് ഇവിക്ക് മോടികൂട്ടുവാനായി കൊടുത്തിരിക്കുന്നത്. ഇനി മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്‌പെന്‍ഷനായി ഫ്‌ലയിംഗ് ഫ്‌ലീ C6 ഇവിയില്‍ ഹൈഡ്രോളിക് ട്വിന്‍ സജ്ജീകരണത്തോടുകൂടിയ ഒരു സെഗ്മെന്റ്-ഫസ്റ്റ് യുണീക്ക് ഗര്‍ഡര്‍ ലിങ്കേജ് ഫ്രണ്ട് സസ്പെന്‍ഷനും പ്രീലോഡ് ക്രമീകരണത്തോടുകൂടിയ റിയര്‍ മോണോഷോക്ക് യൂണിറ്റുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.






