
ജര്‍മന്‍ ബ്രാന്‍ഡ് ആയ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഫേസ്‌ലിഫ്റ്റ് (Volkswagen Taigun Facelift) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക ഫീച്ചറുകളും പുത്തന്‍ 8 സ്പീഡ് ഗിയര്‍ബോക്സുമായി എത്തുന്ന വാഹനം തന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ പ്രീമിയം ലുക്കിലാണ് അവതരിക്കപ്പെട്ടിരിക്കുന്നത്. ടൈഗൂണിന്റെ ഈ മിഡ്ലൈഫ് സൈക്കിള്‍ അപ്ഡേറ്റ് സെഗ്മെന്റിലെ പോരാട്ടം കൂടുതല്‍ കടുപ്പിക്കും. ആറ് ട്രിമ്മുകളിലും ഒന്‍പത് ആകര്‍ഷകമായ നിറങ്ങളിലും ലഭ്യമാകുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഫേസ്‌ലിഫ്റ്റ് വലിയ മാറ്റങ്ങളോടെയാണ് എത്തുന്നത്.
പുറംഭാഗത്തെ പ്രധാന മാറ്റം ഇല്യുമിനേറ്റഡ് ഗ്രില്ലാണ്. ഇത് രാത്രികാലങ്ങളില്‍ വാഹനത്തിന് സവിശേഷ ഭംഗി നല്‍കുന്നു. കൂടാതെ പുതിയ ഡിസൈനിലുള്ള വീലുകളും പരിഷ്‌കരിച്ച റിയര്‍ എന്‍ഡും ടൈഗൂണിനെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നു. ടിഗുവാന്‍ (Tiguan), ടെയ്റോണ്‍ ആര്‍-ലൈന്‍ (Tayron R-Line) തുടങ്ങിയ ഫോക്‌സ്വാഗണിന്റെ ആഗോള മോഡലുകളോട് സാമ്യമുള്ള ശൈലിയിലാണ് പുതിയ ഫേസ്ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അകത്തളത്തില്‍ നൂതനമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ പുതിയ വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനം ലഭ്യമാകും. പുതിയ അപ്ഹോള്‍സ്റ്ററിയും പിന്‍സീറ്റ് യാത്രക്കാര്‍ക്കായി മസാജര്‍ ഫംഗ്ഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ അവതരിപ്പിച്ച സ്‌കോഡ കുഷാഖിലേതിന് സമാനമായി എസ്യുവിയുടെ ആഡംബരവും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്ന ഫീച്ചറുകളാണ് ടൈഗണിന്റെ ഇന്റീരിയറില്‍ ഫോക്സ്വാഗണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ പവര്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ്, കണക്റ്റഡ് കാര്‍ ടെക്നോളജി, ഓട്ടോമാറ്റിക് വൈപ്പറുകള്‍, പവര്‍ഡ് ഐആര്‍വിഎം (IRVM) എന്നിവയും ഇതിലുണ്ട്.
ടൈഗൂണ്‍ ഫേസ്ലിഫ്റ്റിലെ ഏറ്റവും വലിയ മെക്കാനിക്കല്‍ മാറ്റം 1.0 ലിറ്റര്‍ ടിഎസ്ഐ (TSI) പെട്രോള്‍ എഞ്ചിനിലാണ്. ഇതില്‍ മുമ്പുണ്ടായിരുന്ന 6-സ്പീഡ് ഓട്ടോമാറ്റിക്കിന് പകരം പുതിയ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് നല്‍കി. 114 bhp പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. പുതിയ 8-സ്പീഡ് ട്രാന്‍സ്മിഷന്‍ ഗിയര്‍ ഷിഫ്റ്റുകള്‍ കൂടുതല്‍ സുഗമമാക്കാനും മികച്ച ഇന്ധനക്ഷമത നല്‍കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉയര്‍ന്ന വേരിയന്റുകളായ GT, GT പ്ലസ് എന്നിവയില്‍ കൂടുതല്‍ കരുത്തുറ്റ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കും.
148 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിനൊപ്പം 7-സ്പീഡ് ഡിഎസ്ജി (DSG) ഗിയര്‍ബോക്സ് മാത്രമാണ് ലഭ്യമാകുക. എഞ്ചിന്‍ പെര്‍ഫോമന്‍സും കാര്യക്ഷമതയും നിലനിര്‍ത്താന്‍ ഈ സാങ്കേതിക വിദ്യ ഏറെ സഹായിക്കുന്നു. വാഹനത്തിന്റെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ഉടന്‍ പ്രഖ്യാപിക്കും.






