
മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് സൈജു കുറുപ്പ്. നായകനായി തുടക്കം കുറിച്ചെങ്കിലും പിന്നീട് സഹനായക, വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് താരം ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശേഷമാണ് താരം പിന്നീട് നായകവേഷങ്ങളില്‍ തിളങ്ങാന്‍ തുടങ്ങി. നിര്‍മ്മാതാവ് കൂടിയായ താരം ഇന്ന് മലയാള സിനിമയുടെ അഭിവാജ്യഘടകമാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മോഹിനിയാട്ട’മാണ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം മലയാള സിനിമയിൽ സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാർക്ക് കോമഡി എന്റർടെയ്നറുകളിൽ ഒന്നാണ്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങി ചിത്രം തിയേററ്റില്‍ നിറഞ്ഞാടുകയാണ്.
ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള പ്രെസ് മീറ്റില്‍ അച്ഛനെ ഓർത്ത് പൊട്ടിക്കരഞ്ഞിരിക്കുകയാണ് സൈജു കുറുപ്പ്. സൈജു കുറുപ്പ് ഉള്‍പ്പടെയുള്ള മോഹിനിയാട്ടത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പ്രെസ് മീറ്റിലുണ്ടായിരുന്നു. സംസാരിക്കാനായി ആദ്യം മൈക്ക് എടുത്ത സൈജുവിന്റെ ശബ്ദം തുടക്കത്തില്‍ തന്നെ ഇടറുന്നുണ്ടായിരുന്നു. ‘നമസ്കാരം.. ഒരു വലിയ കാത്തിരിപ്പായിരുന്നു. എന്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി...’ എന്ന് പറഞ്ഞ സൈജു പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന എല്ലാവരും താരത്തെ കെട്ടിപിടിച്ചും ആശ്വാസ വാക്കുകള്‍ പറഞ്ഞും സമാധാനിപ്പിക്കുകയും ചെയ്തു. പിന്നീടാണ് താരം വീണ്ടും സംസാരിച്ചു തുടങ്ങിയത്.
‘‘പെട്ടെന്ന് അച്ഛന് ഓര്‍ത്തുപോയി. ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞു, എടാ..21 വര്‍ഷത്തെ എന്റെ പ്രാര്‍ത്ഥനയാണ് ഈ ഒരു ദിവസത്തിന് വേണ്ടി. അപ്പോള്‍ പെട്ടെന്ന് സന്തോഷിക്കുന്നതിന് പകരം അച്ഛനെ കുറിച്ച് ഓര്‍ത്തു. അച്ഛന് ഇത് കാണാന്‍ പറ്റിയില്ലല്ലോ എന്ന്. നമ്മള്‍ എല്ലാവരും എന്നും ജീവിച്ചിരിക്കില്ലല്ലോ. സിനിമയുടെ വിജയത്തില്‍ ഒരുപാട് സന്തോഷത്തിലാണ് ഞാന്‍. നല്ല പ്രതികരണമാണ് എമ്പാടും ലഭിക്കുന്നത്. ഇങ്ങനെ ഒരു സിനിമ വല്ലപ്പോഴുമൊക്കെ നമ്മുടെ കരിയറില്‍ സംഭവിക്കുന്നതാണ്. അത് ഞങ്ങളുടെയും ജീവിതത്തില്‍ സംഭവിച്ചു...’’ സൈജു കുറുപ്പ് പറഞ്ഞു. ഒടിടിയില്‍ വലിയ വിജയമായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം നിര്‍മ്മിച്ചത് സൈജു കുറുപ്പാണ്.
ആദ്യ ഭാഗം ഒരു സാധാരണ കുടുംബകഥയായിരുന്നുവെങ്കിൽ, രണ്ടാം ഭാഗത്തിൽ സംവിധായകൻ പൂർണമായും ഡാർക്ക് ഹ്യൂമറാണ് കൊണ്ടുവന്നിരിക്കുന്നത്. ഭരതൻ നായരുടെ അപ്രതീക്ഷിതമായ മരണത്തോടെ തകർന്നുപോയ ഒരു കുടുംബത്തിന്റെ അതിജീവനവും അവർ നേരിടുന്ന വിചിത്രമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യഭാഗം എവിടെ അവസാനിച്ചോ അവിടെ നിന്നാണ് രണ്ടാം ഭാഗത്തിന്റെ കഥായാത്ര ആരംഭിക്കുന്നത്.
‘ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം...’ എന്ന് ടൈറ്റിൽ ക്രെഡിറ്റ്സിൽ എഴുതി കാണിച്ചു കൊണ്ടാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’ ആരംഭിക്കുന്നത്. ഭരതനാട്യ'ത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ അംഗീകാരം ഒടിടി റിലീസിലൂടെ തിരിച്ചുപിടിച്ച ആത്മവിശ്വാസമാണ് ഈ രണ്ടാം ഭാഗത്തിന്റെ കരുത്ത്. സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ഇരട്ടകളായ ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവർ ആദ്യ ഭാഗത്തിലേതു പോലെ രണ്ടാം ഭാഗത്തിലും തകര്‍ത്തഭിനയിച്ചു. പുതിയതായി എത്തിയ സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, ശ്രീരേഖ, ബാലചന്ദ്രൻ ചുള്ളിക്കാട്, നിസ്താർ സേട്ട്, സന്തോഷ് കെ നായർ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.






