
മലപ്പുറം: വേങ്ങര എസ്.എസ് റോഡിലെ കോയപ്പാപ്പ ജാറത്തിന് എതിര്‍വശത്തുള്ള വാടക കെട്ടിടത്തില്‍ ദുരുഹ സാഹചര്യത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂര്‍ ജില്ലയിലെ ചിദംബരം സ്വദേശി ശങ്കര്‍ അഞ്ചാൻ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ എസ്. എസ് റോഡിലെ കരുവേപ്പില്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള താമസസ്ഥലത്തെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
വേങ്ങരയിൽ തന്നെയുള്ള സഹോദരന്‍ ബാലമുരുകന്‍ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ബാലമുരുകൻ മരിച്ചയാളുടെ താമസസ്ഥലത്ത് എത്തി അന്വേഷിച്ചു. അപ്പോഴാണ് താമസിച്ചിരുന്ന മുറിയിലെ ജനല്‍ക്കമ്പിയില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്തിരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരുഹതയുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ 20 കൊല്ലമായി ശങ്കര്‍ വേങ്ങരയിലുണ്ട്. യന്ത്രമുപയോഗിച്ച് പുല്ലുവെട്ടുന്ന തൊഴിലാളിയാണ്. ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്ഐ രഞ്ജിത്ത് ഇന്‍ക്വസ്റ്റ് തയാറാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.






