
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍, ആരോപണവിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ഥികള്‍. അധ്യാപകന്‍ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ തുറന്നുപറഞ്ഞു. പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാര്‍ഥികള്‍.
എംകെ റാം നിറത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പറയുമായിരുന്നുവെന്ന് വിദ്യര്‍ഥിനി പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ പോലും അറിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ വിളിച്ചിരുന്നത്. ആണ്‍കുട്ടികളെ അധ്യാപകന്‍ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കും. തിരിച്ച് പ്രതികരിക്കാന്‍ കഴിയില്ല. തല്ലാന്‍ വരുന്ന ആണ്‍കുട്ടിയ്ക്കും മറ്റ് മാര്‍ഗമില്ല. ആ കുട്ടിയും നിസാഹയനാണെന്ന് വിദ്യാര്‍ഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാര്‍ഥികള്‍. ഇന്ന് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാര്‍ഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം തുടരുകയാണ്.





