
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന മുഖ്യമന്ത്രി തര്‍ക്കങ്ങളില്‍ കടുത്ത വിമര്‍ശനവുമായി മുസ്‌ളീംലീഗ്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തങ്ങള്‍ നേരിട്ട് ഇടപെടില്ലെന്നും നിലവില്‍ ആര്‍ക്കും പ്രത്യേക പിന്തുണ നല്‍കുന്നില്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി. ഫലം വരുന്നതിന് മുന്‍പേ ഭരണത്തലവനെ ചൊല്ലി നടക്കുന്ന പരസ്യമായ വാക്‌പോരുകളില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാണക്കാട്ടേക്ക് എത്തുന്നതിനിടെയാണ് ലീഗ് ഈ നിലപാട് കടുപ്പിച്ചത്. മുന്നണി മര്യാദകള്‍ ലംഘിച്ചുള്ള ഇത്തരം പരസ്യ ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഔദ്യോഗികമായി അറിയിക്കും. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതോടെയാണ് തര്‍ക്കം തെരുവിലായത്.
ഇതിനെതിരെ വി.ഡി. സതീശനെ അനുകൂലിക്കുന്നവര്‍ ശക്തമായ സൈബര്‍ ആക്രമണവുമായി രംഗത്തെത്തി. ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ ചര്‍ച്ച ചെയ്യരുതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഘടകകക്ഷിയായ മുസ്ലിം ലീഗ്.






