
2007-ല്‍ പുറത്തിറങ്ങിയ 'ഭൂല്‍ ഭുലയ്യ'യിലെ വിദ്യ ബാലന്റെ മഞ്ജുളിക എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ ഭയമുണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ സാധാരണക്കാരെ മാത്രമല്ല, സാക്ഷാല്‍ അക്ഷയ് കുമാറിന്റെ മകന് ആരവിനെയും മഞ്ജുളിക വിറപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യുടെ പ്രചാരണത്തിനിടെ എച്ച്ടി സിറ്റിയോട് സംസാരിക്കുമ്പോഴാണ് അക്ഷയ് കുമാര്‍ ഈ രസകരമായ കാര്യം പങ്കുവെച്ചത്. ഭൂല്‍ ഭുലയ്യ കണ്ടതിന് ശേഷം ഏകദേശം ആറ് വര്‍ഷത്തോളം വിദ്യ ബാലനോട് സംസാരിക്കാന്‍ പോലും ആരവിന് സാധിച്ചിരുന്നില്ലെന്ന് അക്ഷയ് പറയുന്നു.
അടുത്തിടെ മകനുമായി സംസാരിച്ചമപ്പാള് അവന് ഒരു കാര്യം പറഞ്ഞു. ഭൂല്‍ ഭുലയ്യ ആദ്യമായി കണ്ടതിന് ശേഷം ആറ് വര്‍ഷത്തോളം വിദ്യ ബാലനോട് സംസാരിക്കാന്‍ അവന് ഭയമായിരുന്നു. വിദ്യ വീട്ടില്‍ വന്നപ്പോള്‍ അവരെ കാണാനോ കണ്ണുകളില്‍ നോക്കാനോ പോലും അവന് തയാറായിരുന്നില്ല. ഇത് വിദ്യ ബാലനാണ് മകനേ, അവര്‍ വളരെ നല്ലൊരാളാണ് എന്ന് ആറ് വര്‍ഷത്തോളം എനിക്ക് അവനോട് പറയേണ്ടി വന്നു. പക്ഷേ വേണ്ട പപ്പാ, എനിക്ക് അവരെ കാണണ്ട എന്ന് അവന് പറയുമായിരുന്നു. ആ സിനിമ അവനെ അത്രയധികം പേടിപ്പിച്ചിരുന്നു എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
സൈക്കോളജിക്കല്‍ ത്രില്ലറായ ഭൂല്‍ ഭുലയ്യയില്‍ വിദ്യ അവതരിപ്പിച്ച 'അവ്നി' എന്ന കഥാപാത്രം വിദ്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 'ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' ബാധിച്ച സ്ത്രീയായി വിദ്യ വിസ്മയിപ്പിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യ ബാലനും അക്ഷയ് കുമാറും അനീസ് ബിസ്മിയുടെ വീണ്ടും ഒന്നിക്കുകയാണ്. അതേസമയം, അക്ഷയ് കുമാറും പ്രിയദര്‍ശനും 14 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഭൂത് ബംഗ്ലാ ഏപ്രില്‍ 16 ന് പെയ്ഡ് പ്രിവ്യൂകളോടെ തിയേറ്ററുകളിൽ എത്തും. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, രാജ്പാൽ യാദവ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അന്തരിച്ച പ്രശസ്ത നടൻ അസ്രാണിയുടെ അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.






