
തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു.
അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ അധ്യാപകരുമായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. നാവായികുളം തട്ടുപാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിലുണ്ടായിരുന്ന പരിക്കേറ്റ മറ്റ് അഞ്ച് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കല്ലമ്പലം പാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.






