
ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വാദം തുടരും. കേസിലെ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേള്‍ക്കുക. മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന് എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. സംസ്ഥാന സര്‍ക്കാരിന്റെ വാദവും ഇന്നുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേസിലെ കക്ഷിയായ ബോറ സമുദായത്തിനായിട്ടാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദങ്ങള്‍ നിരത്താന്‍ പോകുന്നത്. ഇരുവരുടെയും വാദങ്ങള്‍ പൂര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന് ജയ്ജീപ് ഗുപ്ത ഇന്ന് വാദിച്ചേക്കും. സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതിപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു ഒപ്പം സുപ്രീംകോടതി വിധിയില്‍ ഭക്തരായ സ്ത്രീകള്‍ തന്നെ എതിര്‍പ്പുയര്‍ത്തിയെന്ന സൂചനയും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡിന്റ വാദം കേസില്‍ പൂര്‍ത്തിയായിരുന്നു. അയ്യപ്പക്ഷേത്രങ്ങളില്‍ യുവതിപ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്‍പമുള്ളതിനാലാണ്. വ്രതം എടുത്ത് ആര്‍ക്കും ശബരിമലയില്‍ പോകാം. 10 വയസ് മുതല്‍ 50 വരെയുള്ളവര്‍ക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോര്‍ഡിനായി സിംഗ്വി വാദിച്ചിരുന്നു. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തര്‍ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികള്‍ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹര്‍ജിയിലാണ് ശബരിമല യുവതിപ്രവേശവിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമര്‍ശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരില്‍ മതത്തിന്റെ അന്തസത്തെ ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.






