
ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിൽ 130 എംപിമാർ സംസാരിച്ചുവെന്നും 56 വനിതാ എംപിമാർ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇന്ത്യാ സഖ്യം ബില്ലിനെ എതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു.
വനിത സംവരണത്തിന് എതിരെ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ഒരാൾ ഒരു വോട്ട് എന്ന തത്വം അതേ അർത്ഥത്തിൽ നടപ്പാക്കാനാണ് നോക്കുന്നത്. വനിതാ സംവരണത്തെ എതിർക്കുന്നവർ എസ്‍സി, എസ്‍ടി സംവരണത്തെയും എതിര്‍ക്കുകയാണ്.
വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ വേണ്ടിയാണ് മണ്ഡല പുനർനിർണയം നടത്താൻ ശ്രമിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ 48 ലക്ഷം വരെ ജനസംഖ്യയുള്ള മണ്ഡലങ്ങളുണ്ട്. ഒരു എംപിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് നിലവിലെ ലോക്സഭാ സീറ്റുകൾ.20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 127 മണ്ഡലങ്ങളുണ്ട്.മണ്ഡല പുനർനിർണയം നടത്താൻ അനുവദിക്കണം. മണ്ഡലപുനർനിർണ്ണയവുമായി സഹകരിച്ചാൽ അസന്തുലിതാവസ്ഥ പരിഹരിക്കാമെന്നും ഇന്ദിരാഗാന്ധി സർക്കാരിൻ്റെ കാലത്താണ് മണ്ഡല പുനർനിർണയം മരവിപ്പിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി .






