
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ പടികൾ ഇറങ്ങാൻ സഹായിക്കുന്ന കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുമ്പോഴും നേതാക്കൾക്കിടയിലുള്ള പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ചയായി രാജ്യസഭയിലെ ദൃശ്യങ്ങൾ മാറി.
ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള പാർലമെന്റിൽ രാഷ്ട്രീയത്തിനും പാർട്ടി താൽപ്പര്യങ്ങൾക്കും അപ്പുറം മാനുഷിക പരിഗണനകൾക്കാണ് മുൻഗണനയെന്ന് ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് വെള്ളിയാഴ്ച അരങ്ങേറിയത്.
സഭയിലെ പടികളിലൂടെ 83-കാരനായ ഖാർഗെ പതുക്കെ ഇറങ്ങി വരുന്നത് കണ്ടപ്പോൾ നദ്ദ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തിന്റെ അരികിലേയ്ക്ക് വരികയായിരുന്നു. ഖാർഗെയ്ക്ക് പടികൾ ഇറങ്ങാൻ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ നദ്ദ അദ്ദേഹത്തിന്റെ കൈപിടിച്ച് പടികൾ ഇറങ്ങാൻ സഹായിച്ചു. തുടർന്ന് ഇരുനേതാക്കളും ചേർന്ന് മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ അഭിനന്ദിക്കുകയും ചെയ്തു.
ജെ.പി നദ്ദയായിരുന്നു ഹരിവംശിനെ ഉപാധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് സഭ പ്രമേയം പാസാക്കിയത്. ഹരിവംശ് രാജ്യസഭയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നുവെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണൻ അറിയിച്ചു.






