
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീന്‍ ജീവനക്കാരനെ ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നൂറോളം ടിക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സ്റ്റേഡിയത്തിനുള്ളിലെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖര്‍ എന്നയാളാണ് പിടിയിലായത്. 15,000 രൂപ മുതല്‍ 19,000 രൂപ വരെ ഈടാക്കിയാണ് ഇയാള്‍ ടിക്കറ്റുകള്‍ മറിച്ചു വിറ്റിരുന്നത്. ഒറിജിനല്‍ വിലയേക്കാള്‍ പലമടങ്ങ് അധികമാണിത്.
ചന്ദ്രശേഖറിനെ ചോദ്യം ചെയ്തതില്‍ നിന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ ഗണേഷ് പരീക്ഷിത്താണ് ടിക്കറ്റുകള്‍ നല്‍കിയതെന്ന് വ്യക്തമായി. ലാഭം വിഭജിച്ചെടുക്കാമെന്ന ധാരണയില്‍ ടിക്കറ്റുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഗണേഷ് പരീക്ഷിത്ത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.






