
തുറന്നിട്ട ജനാലയിലൂടെ തോരാമഴയത്തു തെറിക്കുന്ന മഴത്തുള്ളികളിൽ ജയകൃഷ്ണൻ ക്ലാരയെ അനുഭവിച്ചറിയുന്നത് പത്മരാജനിലെ സംവിധായകപ്രതിഭ എത്ര ഹൃദ്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായും, കൃത്യമായും അവതരിപ്പിച്ച സിനിമകൾ ചുരുക്കമാണ്. മഴ, രതി, സംഗീതം എല്ലാം കൃത്യമായി ഇഴചേർക്കുന്നതാണ് ഇന്നും തൂവാനത്തുമ്പികളെ നിത്യഹരിതമാക്കുന്നത്. പപ്പേട്ടൻ മാജിക്കിലൂടെ അന്നുവരെ മലയാളിക്ക് കണ്ടുപരിചയമില്ലാത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ടതലം പ്രമേയമാക്കിയതാണ് തൂവാനത്തുമ്പികള്‍.
പത്മരാജൻ തന്നെ എഴുതിയ "ഉദകപ്പോള" എന്ന ചെറു നോവലിനെ ആസ്പദമാക്കിയാണ് ഇതിന്റെ കഥ. ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിച്ച മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായക കഥാപാത്രം തൃശ്ശൂർ പൂത്തോളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്-കാരിക്കത്ത് ഉണ്ണിമേനോൻ.
തന്റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിമേനോന്റെ ജീവിതത്തില്‍ നിന്നാണ് പത്മരാജൻ ജയകൃഷ്ണനെ സൃഷ്ടിച്ചത്.
ഇപ്പോഴിതാ പത്മരാജന്റെ ജയകൃഷ്ണനെ ആദ്യമായി കണ്ടുമുട്ടിയത് പങ്കിടുകയാണ് മോഹൻലാൽ. പപ്പപ്പ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരിൽക്കണ്ടത്. കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷനിൽ മോഹൻലാൽ തന്നെ പറയുംപോലെയായി റിയലും റീലുമായ അനുഭവം.
മാധ്യമപ്രവർത്തകനും പപ്പപ്പ എഡിറ്റർ ഇൻ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച കഥയാത്ര ഇരുവരും പരസ്പരം നടത്തുന്ന ഒരു യാത്രയാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ പ്രധാനഭാഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്.
ആരാണ് ഈ ക്ലാര എന്ന് ഉണ്ണിമേനോനോട് മോഹൻലാൽ കുസൃതിയോടെ ചോദിക്കുമ്പോൾ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് കഥയാത്രയുടെ ഭംഗി.
തൂവാനത്തുമ്പികള്‍ ആദ്യമായി കണ്ടതിനെക്കുറിച്ച് ഉണ്ണിമേനോനും മനസ്സ് തുറക്കുന്നുണ്ട്.
‘‘ദുബൈയിലെ ഗലേറിയ തിയേറ്ററില്‍ വെച്ചാണ് തൂവാനത്തുമ്പികള്‍ ആദ്യമായി കാണുന്നത്. പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാൻ ആദ്യം അന്തം വിട്ടുപോയി. കാരണം എന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ അതേപടി കാണിച്ചപോലെ തോന്നി. അല്‍പ സ്വല്പം പൊടിപ്പും തൊങ്ങലും ഒക്കെയുണ്ട്. ആ സിനിമ എന്റെ ഉള്ളില്‍ തട്ടി. ജയകൃഷ്ണൻ എന്ന കഥാപാത്രം അതിമനോഹരമായിട്ട് ചെയ്തതായി തോന്നി. ആ കഥാപാത്രം നഗരത്തില്‍ വരുമ്പോള്‍ ഉള്ള മാറ്റങ്ങള്‍, ആട്ടിൻ തല വാങ്ങാൻ പോകുന്നത് ഒക്കെ അന്ന് നടന്ന സംഭവങ്ങള്‍ ആണ്. സിനിമ കണ്ടിട്ട് ഞങ്ങള്‍ കണ്ട ഉണ്ണിമേനോൻ അല്ല ഈ കാണുന്നത് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. അവരുടെ മുൻപില്‍ എന്റെ വേറെ ഒരു മുഖമാണ് കണ്ടിട്ടുള്ളത്. ജീവിക്കുന്ന ഈ നിമിഷം സെലിബ്രേറ്റ് ചെയ്യുക എന്നതാണ് എനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ ആണ് അതില്‍ ഒരു മാറ്റവും വന്നിട്ടില്ല...’’ എന്നാണ് ഉണ്ണിമേനോൻ മോഹന്‍ലാലിനോട് പറയുന്നത്.
ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. ജിജോ ജോസഫ് (ക്രിയേറ്റീവ് ഡയറക്ടർ), മില്‍ട്ടണ്‍ പിടി (ഛായാഗ്രഹണം), ജോണ്‍കുട്ടി (എഡിറ്റിങ്), സൂരജ് എസ്.കുറുപ്പ് (സംഗീതം) തുടങ്ങിയവരാണത്.
പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ക്ലാര, ജയകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്നുണ്ട്. മോഹൻലാല്‍, സുമലത, പാർവതി, അശോകൻ, ബാബു നമ്പൂതിരി തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. പത്മരാജൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്.





