
തന്റെ പുതിയ ചിത്രമായ രാജാ ശിവാജിയുടെ ട്രെയിലര്‍ ലോഞ്ചിനിടെ , തന്റെ കരുത്തും സിനിമയുടെ സഹനിര്‍മാതാവും ഭാര്യയുമായ ജെനീലിയ ഡിസൂസയെക്കുറിച്ച് സംസാരിക്കവെ കണ്ണ് നിറഞ്ഞ് നടന്‍ റിതേഷ് ദേശ്മുഖ്. ജെനീലിയയുടെ നിസ്വാര്‍ഥമായ പിന്തുണയ്ക്ക് റിതേഷ് വേദിയില്‍ വെച്ച് നന്ദി പറഞ്ഞു.
മുംബൈയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ റിതേഷും ജെനീലിയയും ഒരുപോലെ വികാരധീനരായാണ് കാണപ്പെട്ടത്. ചരിത്ര സിനിമയായ രാജാ ശിവാജിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനോട് ഇരുവരും നന്ദി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രം യാഥാര്‍ഥ്യമാക്കാന്‍ തന്നെ സഹായിച്ച ടീമിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിതേഷ് വിങ്ങിപ്പൊട്ടിയത്. അരികില്‍ നിന്നിരുന്ന ജെനീലിയയും കണ്ണ് തുടയ്ക്കുന്നത് കാണാമായിരുന്നു. വേദിയിലുണ്ടായിരുന്ന നടന്‍ സഞ്ജയ് ദത്തും കണ്ണുനീര്‍ തുടയ്ക്കുന്ന കാഴ്ച വീഡിയോയില്‍ കാണാം. സിനിമയുടെ നിര്‍മാണവേളയിലുടനീളം തന്റെ കൂടെ നിന്ന ജെനീലിയയെ റോക്ക് എന്നാണ് റിതേഷ് വിശേഷിപ്പിച്ചത്.
റിതേഷ് ആണ് രാജാ ശിവാജി സംവിധാനം ചെയ്യുന്നത്. ജെനീലിയ നിര്‍മാണത്തോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ശിവാജി മഹാരാജായി റിതേഷ് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സായ്ബായിയെ അവതരിപ്പിക്കുന്നത് ജെനീലിയയാണ്.
സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ, മഹേഷ് മഞ്ജരേക്കർ, ഭാഗ്യശ്രീ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അജയ്-അതുൽ സംഗീതവും രാജ്യാന്തര പ്രശസ്തനായ സന്തോഷ് ശിവൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രം വമ്പൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.
ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം മുംബൈ ഫിലിം കമ്പനിയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയും ജെനീലിയയും ചേർന്നാണ് നിർമ്മിക്കുന്നത്. 'രാജാ ശിവാജി' മെയ് ഒന്നിന് മറാത്തി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും.





